അമ്മയുടെ കണ്ണുവെട്ടിച്ച് കുഞ്ഞ് റോഡില്‍; വഴിയാത്രക്കാരന് പോലീസില്‍ ഏല്‍പ്പിച്ചു
1435914
Sunday, July 14, 2024 4:31 AM IST
കൊച്ചി: എറണാകുളം നോര്‍ത്തില്‍ പൂക്കച്ചവടം നടത്തുന്ന യുവതിയുടെ കുഞ്ഞ് അമ്മയുടെ കണ്ണുവെട്ടിച്ച് റോഡിലേക്കിറങ്ങി. കച്ചേരിപ്പടി ബെസ്റ്റ് ബേക്കറിയുടെ ഭാഗത്തേക്കു കൂടി നാലു വയസുള്ള പെണ്‍കുഞ്ഞ് നടന്നു നീങ്ങുന്നതു കണ്ട വഴിയാത്രക്കാരില്‍ ഒരാള്‍ കുഞ്ഞുമായി എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനിലെത്തുകയായിരുന്നു.
വെള്ളിയാഴ്ച വൈകിട്ട് നാലോടെയാണ് നാടകീയമായ രംഗങ്ങള്‍ അരങ്ങേറിയത്. കുഞ്ഞിനെ ആരോ തട്ടിക്കൊണ്ടു വന്നതാകാമെന്ന സംശയത്തിലായിരുന്നു യാത്രക്കാരന്.
എറണാകുളം നോര്‍ത്തിലെ പെട്രോള്‍ പമ്പിനു സമീപം പൂക്കച്ചവടം നടത്തുന്ന തമിഴ്നാട് സ്വദേശിനിയായ പൂക്കാരിയുടെ കൂടെ കാണാറുള്ള കുട്ടിയാണെന്ന് മനസിലായ നോര്‍ത്ത് എസ്ഐ ടി.എസ്. രതീഷ് പിന്നീട് കുഞ്ഞിന്റെ അമ്മയെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചു.
ഈ സമയം കുഞ്ഞിനെ കാണാതെ അമ്മയും സമീപത്തുള്ള പൂക്കച്ചവടക്കാരും അന്വേഷണത്തിലായിരുന്നു. പൂ വില്പനയ്ക്കിടെ കുഞ്ഞ് തന്റെ കണ്ണുവെട്ടിച്ച് റോഡിലേക്ക് നീങ്ങിയതാകാമെന്ന് ഇവര്‍ പോലീസിനോട് പറഞ്ഞു. കുഞ്ഞിനെ ശ്രദ്ധിക്കണമെന്ന താക്കീതു നല്കി കുട്ടിയെ അമ്മയ്ക്കൊപ്പം പോലീസ് വിട്ടയച്ചു.