സൂര്യദേവിന് ഓട്ടോമാറ്റിക് ഇലക്ട്രിക് വീൽചെയർ സ്വന്തം
1435649
Saturday, July 13, 2024 4:01 AM IST
തൃപ്പൂണിത്തുറ: പ്രതീക്ഷകൾ പൂവണിഞ്ഞു. സൂര്യദേവിന് ഓട്ടോമാറ്റിക് ഇലക്ട്രിക് വീൽചെയർ സ്വന്തമായി. മസ്കുലർ ഡിസ്ട്രോഫി മൂലമുണ്ടായ ശാരീരിക പരിമിതികളുടെ അവശതകൾക്കിടയിലും പഠനത്തിലും പഠനേതര വിഷയങ്ങളിലും ഒരുപോലെ മികവു പ്രകടിപ്പിച്ച സൂര്യദേവിന് മറ്റുള്ളവരെ ആശ്രയിക്കാതെ തന്റെ വീൽചെയറിൽ സഞ്ചരിക്കാനായി ഒരു ഇലക്ട്രിക് വീൽചെയർ വേണമെന്ന ആഗ്രഹമായിരുന്നു ഉണ്ടായിരുന്നത്.
കഴിഞ്ഞ എസ്എസ്എൽസി പരീക്ഷയിൽ ഒന്പത് എ പ്ലസും 97 ശതമാനം മാർക്കും നേടി ഉപരിപഠനത്തിന് അർഹത നേടിയ സൂര്യദേവിനെക്കുറിച്ച് ദീപിക പ്രസിദ്ധീകരിച്ച വാർത്തയിൽ സൂര്യദേവിന്റെ ഇലക്ട്രിക് വീൽചെയർ എന്ന പ്രതീക്ഷ പങ്കുവച്ചിരുന്നു. സൂര്യദേവിന്റെ ആഗ്രഹം മനസിലാക്കിയ തൃപ്പൂണിത്തുറ സേവാഭാരതി പ്രസിഡന്റ് മണി ചിറ്റടിയുടെ നേതൃത്വത്തിൽ സൂര്യദേവിന് ഇലക്ട്രിക് വീൽചെയർ സമ്മാനിക്കാൻ തീരുമാനിക്കുകയായിരുന്നു.
സൂര്യദേവിന്റെ ശരീരഘടനയ്ക്കനുസരിച്ച് പ്രത്യേകമായി നിർമാണം പൂർത്തിയാക്കിയ ഓട്ടോമാറ്റിക് ഇലക്ട്രിക് വീൽചെയർ സൂര്യദേവിന് നൽകി. തൃപ്പൂണിത്തുറ ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്വൺ വിദ്യാർഥിയായ സൂര്യദേവിന് സ്കൂൾ അസംബ്ലിയിൽ നടന്ന ചടങ്ങിൽ സാമൂഹ്യ പ്രവർത്തകനായ രാംകുമാർ മഠത്തിൽ വീൽചെയർ കൈമാറി.
സ്കൂൾ പ്രിൻസിപ്പൽ പി.പി. മിനി, സേവാഭാരതി പ്രസിഡന്റ് മണി ചിറ്റടി, വൈസ് പ്രസിഡന്റ് ദിവാകരൻ, കൗൺസിലർ സാവിത്രി നരസിംഹറാവു, സേവാഭാരതി സെക്രട്ടറി സതീഷ് കുമാർ, വിജയലക്ഷ്മി, പ്രീത ദേവദാസ്, ബാബു എം.ടി തുടങ്ങിയവർ പങ്കെടുത്തു.
കഴിഞ്ഞ വർഷത്തെ അത്തംഘോഷയാത്രയിൽ കൊച്ചി രാജാവിന്റെ വേഷത്തിൽ സഹപാഠികളുടെ സഹായത്താൽ വീൽചെയറിൽ സഞ്ചരിച്ച് കാണികളുടെ മനം കവർന്ന സൂര്യദേവിന് ഇത്തവണത്തെ അത്തം ഘോഷയാത്രയിൽ പങ്കെടുക്കാൻ ഓട്ടോമാറ്റിക് വീൽചെയറിൽ സഞ്ചരിക്കാനാകുമല്ലോയെന്ന സന്തോഷത്തിലാണ്.
ഇടുക്കി സ്വദേശികളായ വിജയകുമാറും ജിജിമോളുമാണ് സൂര്യദേവിന്റെ മാതാപിതാക്കൾ. 24 വർഷമായി തൃപ്പൂണിത്തുറ വടക്കേക്കോട്ട മുല്ലയ്ക്കൽ നഗറിൽ വാടകയ്ക്ക് താമസിക്കുകയാണ് ഇവരുടെ കുടുംബം.