ആംബര്‍ ഗ്രിസ്: കൊച്ചിയിലെത്തിച്ചത് "സാമ്പിള്‍', മുഖ്യപ്രതി അറസ്റ്റില്‍
1435630
Saturday, July 13, 2024 3:28 AM IST
കൊച്ചി: ലക്ഷദ്വീപ് ഗസ്റ്റ് ഹൗസില്‍ നിന്നും വനംവകുപ്പ് പിടികൂടിയ തിമിംഗല ദഹനാവശിഷ്ടം(ആംബര്‍ ഗ്രിസ്) വില്പനയ്ക്ക് മുമ്പ് എത്തിച്ച സാമ്പിള്‍ മാത്രമെന്ന് വനംവകുപ്പ്. കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇഷാഖാണ് ഇതുസംബന്ധിച്ച മൊഴി വനംവകുപ്പിന് നല്‍കിയത്.
കളമശേരി സ്വദേശി വില്‍സണുമായി ബന്ധപ്പെട്ട് വില്‍പ്പന ലക്ഷ്യമിട്ടാണ് ആംബര്‍ ഗ്രിസ് കൊച്ചിയിലെത്തിച്ചത്. എന്നാല്‍ വില്പന വൈകിയതോടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലെത്തി പോലീസുകാരെ ഏല്‍പ്പിച്ച് ഇയാള്‍ നാട്ടിലേക്ക് മടങ്ങി.
വില്‍സണില്‍ നിന്നും വനംവകുപ്പ് മൊഴി രേഖപ്പെടുത്തും. ലക്ഷദ്വീപിലേക്ക് മുങ്ങിയ മുഹമ്മദിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഇയാളെ ഇന്ന് കോടതിയില്‍ ഹാരാക്കും. സംഭവത്തിനു പിന്നാലെ ലക്ഷദ്വീപിലേക്ക് മുങ്ങിയ ആന്ത്രോത്ത് സ്വദേശി മുഹമ്മദ് ഇഷാഖിനെ(31) വിമാനമാര്‍ഗം ഉച്ചക്ക് 1.30ഓടെയാണ് കൊച്ചിയിലെത്തിച്ചത്.
മുഹമ്മദ് കൊച്ചി വിട്ടതിന് പിന്നാലെ വനംവകുപ്പ് ലക്ഷദ്വീപ് അഡ്മിനിട്രേഷനില്‍ വിവരം കൈമാറിയിരുന്നു. ഇതുപ്രകാരം ഇന്നലെ രാവിലെ കപ്പലില്‍ ചെന്നിറങ്ങിയ ഇയാളെ ലക്ഷദ്വീപ് പോലീസ് കസ്റ്റഡിയിലെടുത്ത് വിമാനമാര്‍ഗം നെടുമ്പാശേരിയിലേക്ക് കയറ്റി അയക്കുകയായിരുന്നു.
ഇവിടെ നിന്നും കോടനാട് റേഞ്ചര്‍ പ്രതിയെ കസ്റ്റഡില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്തശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സംഭവത്തില്‍ മറ്റ ആളുകളുടെ പങ്കും വനം വകുപ്പ് അന്വേഷിക്കുന്നുണ്ട്.