മുക്കുപണ്ടം പണയപ്പെടുത്തി ലക്ഷങ്ങൾ തട്ടിയെടുത്ത യുവാവ് പിടിയിൽ
1431287
Monday, June 24, 2024 5:32 AM IST
പറവൂർ: ചേന്ദമംഗലം സർവീസ് സഹകരണ ബാങ്കിൽ മുക്കുപണ്ടം പണയപ്പെടുത്തി ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ യുവാവ് പിടിയിൽ. വലിയപല്ലംതുരുത്ത് പോട്ടശേരി ജിഷ്ണു(28)വാണ് പിടിയിലായത്. 2023 ഒക്ടോബർ മുതൽ ബാങ്കിന്റെ ഹെഡ് ഓഫീസിലും കരിമ്പാടം ശാഖയിലുമായി 15 തവണ ഇയാൾ മുക്കുപണ്ടം പണയപ്പെടുത്തി 7,76,000 രൂപ തട്ടിയെടുത്തായി കണ്ടെത്തി.
ശനി ഉച്ചയോടെ ബാങ്കിന്റെ പാലിയം നടയിലുള്ള ഹെഡ് ഓഫീസിൽ പണയം വയ്ക്കാനെത്തിയ ഇയാൾ സ്വർണം ജീവനക്കാരനെ ഏൽപ്പിച്ചു. പണയം വയ്ക്കുന്ന നടപടികൾ പൂർത്തിയായ സമയത്ത് ജീവനക്കാരന് സംശയം തോന്നിയതിനെ തുടർന്ന് സ്വർണം ബാങ്ക് സെക്രട്ടറിക്ക് കൈമാറി. തുടർന്ന് നടത്തിയ വിശദ പരിശോധനയിലാണ് തട്ടിപ്പു പുറത്തായത്.
ഇയാളുടെ കൂട്ടാളിയായ മറ്റൊരാളും സമാന രീതിയിൽ തട്ടിപ്പു നടത്തിയതായി സൂചനയുണ്ട്. സഹകരണ വകുപ്പിന്റെ നിർദേശപ്രകാരം മൂന്നു മാസത്തിലൊരിക്കൽ പണയം വച്ചിട്ടുള്ള സ്വർണ ഉരുപ്പടികൾ പരിശോധിച്ച് ഗുണനിലവാരം ഉറപ്പാക്കാറുണ്ട്.
രണ്ടു ഭരണസമിതി അംഗങ്ങളും ഒരു ജീവനക്കാരനും അപ്രൈസറും ചേർന്ന് പരിശോധിച്ച റിപ്പോർട്ട് അസിസ്റ്റന്റ് രജിസ്ട്രാർ ഓഫീസിന് കൈമാറണം. പരിശോധന കാര്യക്ഷമമായി നടത്താതെ വീഴ്ച വന്നതാണ് നിരവധി തവണ തട്ടിപ്പു നടത്താൻ ഇവിടെ വഴിയൊരുക്കിയത്.
ബാങ്ക് വടക്കേക്കര പോലീസിൽ പരാതി നൽകിയതിനെതുടർന്ന് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കോൺഗ്രസ് നേതൃത്വത്തിലുള്ള ഭരണസമിതിയാണ് ദീർഘനാളായി ബാങ്ക് ഭരണം നടത്തുന്നത്.