ഓട്ടോ തൊഴിലാളികൾക്കായി സന്ധ്യാ ക്ലാസ് സംഘടിപ്പിച്ചു
1431275
Monday, June 24, 2024 5:11 AM IST
മൂവാറ്റുപുഴ: ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തിൽ ഓട്ടോറിക്ഷാ തൊഴിലാളികൾക്കായി സന്ധ്യാ ക്ലാസ് സംഘടിപ്പിച്ചു. മൂവാറ്റുപുഴയിൽ ഏറ്റവും കൂടുതൽ ഓട്ടോറിക്ഷ തൊഴിലാളികളുള്ള കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് മുന്നിലെ ഓട്ടോറിക്ഷ തൊഴിലാളികൾക്കാണ് പോലീസിന്റെ ആഭിമുഖ്യത്തിൽ മണ്‍സൂണ്‍ സുരക്ഷയുടെ ഭാഗമായി ക്ലാസ് നൽകിയത്.
മൂവാറ്റുപുഴ ഡിവൈഎസ്പി എ.ജെ. തോമസ്, ഇൻസ്പെക്ടർ ബി.കെ. അരുണ്‍ എന്നിവരുടെ നിർദേശ പ്രകാരം മൂവാറ്റുപുഴ പോലീസ് അസി. സബ് ഇൻസ്പെക്ടറും പിആർഒയുമായ സിബി അച്യുതനാണ് ക്ലാസ് നയിച്ചത്.
നഗരവും പരിസരവും സാമൂഹ്യവിരുദ്ധരുടെയും ഗുണ്ടകളുടെയും താവളമാകാതിരിക്കാൻ നിരത്തിൽ ജോലി ചെയ്തുവരുന്നവർക്ക് ലഭിക്കുന്ന വിവരങ്ങൾ പോലീസുമായി കൈമാറേണ്ട വിധം സിബി അച്യുതൻ ഓട്ടോറിക്ഷ തൊഴിലാളികൾക്ക് പകർന്നുനൽകി.
പോലീസ് പൊതുജനങ്ങളുമായുള്ള സൗഹൃദം മെച്ചപ്പെടുത്തി മൂവാറ്റുപുഴയിൽ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കുന്നതിനായാണ് പരിശ്രമിക്കുന്നതെന്ന് സിബി അച്യുതൻ പറഞ്ഞു.