ദർബാർ ഹാളിൽ പക്ഷിക്കാഴ്ചകൾ ഒരുങ്ങുന്നു
1430964
Sunday, June 23, 2024 5:07 AM IST
കൊച്ചി: പ്രശസ്ത പക്ഷി നിരീക്ഷകനും എഴുത്തുകാരനുമായ ഇന്ദുചൂഡന്റെ ജന്മശതാബ്ദി വർഷത്തോടനുബന്ധിച്ചു പക്ഷികളുടെ വർണാഭമായ ലോകത്തെ അവതരിപ്പിക്കുന്ന ചിത്രങ്ങളുടെ പ്രദർശനം "പാടിപ്പറക്കുന്ന മലയാളം' സംഘടിപ്പിക്കുന്നു. എറണാകുളം ദർബാർ ഹാൾ ഗാലറിയിൽ 27 മുതൽ 30 വരെയാണു 61 ചിത്രങ്ങളുടെ പ്രദർശനം .
നടൻ മമ്മൂട്ടി, പക്ഷികളുടെ ചിത്രങ്ങളെടുക്കുന്നതിൽ പ്രശസ്തയായ ജെയിനി കുര്യാക്കോസ് എന്നിവരുൾപ്പെടെ 23 പേരുടെ ചിത്രങ്ങളാണു പ്രദർശനത്തിലുള്ളത്. ഓരോ പക്ഷിയെക്കുറിച്ചുമുള്ള ഇന്ദുചൂഡന്റെ നിരീക്ഷണങ്ങൾ പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
സുരേഷ് ഇളമൺ, ശ്രീദേവി മാധവൻ, എം. രാമചന്ദ്രൻ എന്നിവരാണ് പ്രദർശനത്തിന്റെ ക്യൂറേറ്റർമാർ. 27നു വൈകുന്നേരം എഴുത്തുകാരൻ സക്കറിയ ഉദ്ഘാടനം ചെയ്യും. പ്രവേശനം സൗജന്യമാണ്.