10 ഹോട്ടലുകളിൽ പരിശോധന; പഴയ ഭക്ഷണങ്ങൾ കണ്ടെടുത്തു
1430939
Sunday, June 23, 2024 4:51 AM IST
പറവൂർ: നഗരസഭ ആരോഗ്യ വിഭാഗം നഗരത്തിലെ 10 ഹോട്ടലുകളിൽ പരിശോധന നടത്തി. ഡോൺബോസ്കോ ആശുപത്രിക്ക് എതിർവശമുള്ള സ്വാഗത് ഹോട്ടലിൽനിന്നും പഴകിയ ഭക്ഷണ സാധനങ്ങൾ വീണ്ടും പിടിച്ചെടുത്തു. കൂടാതെ ആഹാര സാധനങ്ങൾ വൃത്തിഹീനമായ സാഹചര്യത്തിൽ കൈകാര്യം ചെയ്തതിനും മാലിന്യ സംസ്കരണ സംവിധാനമില്ലാത്തതിനും പിഴ ചുമത്തി നോട്ടീസ് നൽകി.
ഡോൺ ബോസ്കോ ആശുപത്രിയിലെ വനിത സ്വാശ്രയ കാന്റീൻ, ചേന്ദമംഗലം കവലയിലെ മാങ്കറ ഹോട്ടൽ, ഹോട്ടൽ സിസി ടവർ, ചൈത്രം ബേക്കറി എന്നിവിടങ്ങളിൽ കൃത്യമായ ലേബലില്ലാതെ ഭക്ഷ്യവസ്തുക്കൾ ഫ്രീസറിൽ സൂക്ഷിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ചേന്ദമംഗലം കവലയിലെ തക്കാഷി, സിസി ടവർ എന്നീ ഹോട്ടലുകളിൽ മാലിന്യം കത്തിച്ചു കളയുന്നതിനെതിരെ പിഴ ചുമത്തി നോട്ടീസ് നൽകി.
ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന കെഎംകെ ആശുപത്രിയുടെ കാന്റീനിനും പിഴ ചുമത്തി. എന്നാൽ നഗരസഭ ആരോഗ്യ വിഭാഗം ഹോട്ടലുകളിൽ നടത്തുന്ന പരിശോധനക്കെതിരെ കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ രംഗത്തെത്തി.
ഭക്ഷ്യ സുരക്ഷാ നിലവാര നിയമ പ്രകാരം ഫ്രീസറുകളിൽ നിയമാനുസൃതം സൂക്ഷിക്കുന്ന ഭക്ഷ്യവസ്തുക്കളാണ് പഴകിയതെന്ന് ആരോപിച്ച് ഉദ്യോഗസ്ഥർ എടുത്തുകൊണ്ടുപോകുന്നത്. യാതൊരു ശാസ്ത്രീയ പരിശോധനയും നടത്താതെ പിടിച്ചെടുത്ത ഭക്ഷണം പഴകിയതെന്ന പ്രചരണം നടത്തുന്നത് മേഖലയെ ദോഷകരമായി ബാധിക്കും.
ഭക്ഷ്യ സുരക്ഷാ നിയമം പ്രാബല്യത്തിലായതോടെ ഹോട്ടലുകളിലെ ഭക്ഷ്യവസ്തുക്കൾ പരിശോധിക്കാനുള്ള അധികാരം ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥർക്കും ശുചിത്വ പരിശോധനക്കുള്ള അധികാരം നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർക്കുമാണ്.
ഇല്ലാത്ത അധികാരം ഉപയോഗിച്ച് പൊതുജനമധ്യത്തിൽ ഹോട്ടലുകളെ താറടിച്ചു കാണിക്കുന്ന ഉദ്യോഗസ്ഥ നടപടി അവസാനിപ്പിക്കണമെന്നും നിരന്തരം ബുദ്ധിമുട്ടിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും അസോസിയേഷൻ യൂണിറ്റ് പ്രസിഡന്റ് എൻ.എം. അബ്ദുൾ സമദ്, സെക്രട്ടറി കെ. രാഘവേന്ദ്രൻ എന്നിവർ ആവശ്യപ്പെട്ടു.