പ്രധാനമന്ത്രിയുടെ സുരക്ഷാ വിഭാഗത്തിലെ കേണലാണെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടിയയാൾ പിടിയിൽ
1430809
Saturday, June 22, 2024 5:02 AM IST
കളമശേരി: പ്രധാനമന്ത്രിയുടെ സുരക്ഷാ വിഭാഗത്തിലെ കേണലാണെന്ന് പരിചയപ്പെടുത്തി നിരവധി പേരിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ ആളെ കളമശേരി പോലീസ് അറസ്റ്റ് ചെയ്തു. ആറ്റിങ്ങൽ എൻഇഎസ് ബ്ലോക്കിൽ അമ്പാടി ഹൗസിൽ ഷൈൻ സത്യപാലൻ (44) ആണ് അറസ്റ്റിലായത്. വിദേശത്ത് ജോലിയും വിദ്യാഭ്യാസത്തിന് സീറ്റും ശരിയാക്കിത്തരാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. ഇയാൾ നിലവിൽ മരട് ഷന്മുഖം റോഡിലാണ് താമസം.
ഇടപ്പള്ളി ലുലു മാളിലുള്ള വനിതയ്ക്ക് യുകെ വിസ ശരിയാക്കി വിദേശത്ത് വിടാമെന്ന് പറഞ്ഞ് ഒരു ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് ഇയാളെ അറസ്റ്റ്ചെയ്ത്.
വിദേശത്ത് എംബിബിഎഎസിന് സീറ്റ് ശരിയാക്കിത്തരാമെന്ന് പറഞ്ഞ് എറണാകുളം സൗത്ത്, നോർത്ത് പറവൂർ, എന്നിവിടങ്ങളിലും ഇയാൾ സാമ്പത്തിക തട്ടിപ്പ് നടത്തിയിട്ടുണ്ട്. ആലത്തൂരിൽ രണ്ട് കേസുകളിൽ പ്രതിയാണ് ഷൈൻ. ചേരാനല്ലൂർ സ്റ്റേഷനിലും സമാന കേസുണ്ട്.
2012 മുതൽ വ്യാജ ഐഡി ഉപയോഗിച്ച് തട്ടിപ്പു നടത്തിയതിൽ സംസ്ഥാനത്ത് 10 ഓളം കേസുകൾ നിലവിലുണ്ട്. പ്രതിയെ ഇന്ന് കോടതിൽ ഹാജരാക്കും.