ഡിഎല്‍എഫ് ഫ്ളാറ്റിലെ രോഗബാധ : വെള്ളത്തിലെ ക്ലോറിന്‍ അളവ് പരിശോധന തുടരും
1430807
Saturday, June 22, 2024 5:02 AM IST
കൊച്ചി: വയറിളക്ക ബാധ ഉണ്ടായ കാക്കനാട് ഡിഎല്‍എഫ് ഫ്ളാറ്റുകളില്‍ ഉപയോഗിക്കുന്ന വെള്ളത്തിലെ ക്ലോറിന്‍ അളവ് പരിശോധന ദിവസം രണ്ടു നേരം തുടരും. വിഷയവുമായി ബന്ധപ്പെട്ട് ജില്ലാ ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ വി.ഇ. അബ്ബാസിന്റെ അധ്യക്ഷതയില്‍ ഫ്ളാറ്റ് നിവാസികളുടെ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. സക്കീന ഫ്ളാറ്റ് നിവാസികളുടെ സംശയങ്ങള്‍ ദൂരീകരിച്ചു. യോഗത്തില്‍ എറണാകുളം ഗവ. മെഡിക്കല്‍ കോളജ് കമ്യൂണിറ്റി മെഡിസിന് വിഭാഗം, മൈക്രോബയോളജി വിഭാഗം മേധാവികളും പങ്കെടുത്തു.
നടപടികളുടെ ഏകോപനത്തിന് കാക്കനാട് കുടുബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസറെ ചുമതലപ്പെടുത്തി. ഇന്നലെ എട്ടു ഫ്ളാറ്റുകളില്‍ നിന്നു പരിശോധിച്ച വെള്ളത്തില്‍ ക്ലോറിൻ അളവ് തൃപ്തികരമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതുവരെ 495 പേര്‍ക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടായി. മൂന്നു പേര്‍ക്കാണ് പുതുതായി രോഗലക്ഷണം കണ്ടെത്തിയത്.