എടയപ്പുറത്ത് കാണാതായ പെൺകുട്ടിയെ പ്രണയം നടിച്ച് കടത്തിയതെന്ന് പോലീസ്
1425582
Tuesday, May 28, 2024 7:42 AM IST
ആലുവ: അതിഥിത്തൊഴിലാളിയുടെ 12 വയസുകാരിയായ മകളെ കാണാതായ സംഭവത്തിൽ കസ്റ്റഡിയിലായ യുവാവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. പശ്ചിമ ബംഗാൾ മൂർഷിദാബാദ് സ്വദേശി മാണിക്ക് (18) ആണ് അറസ്റ്റിലായത്. പ്രതിക്കെതിരെ പോക്സോ കേസ് ആലുവ ടൗൺ പോലീസ് രജിസ്റ്റർ ചെയ്തു.
പെൺകുട്ടിയെ വിവാഹം കഴിക്കണമെന്ന ഉദ്ദേശത്തോടെ ഇയാൾ കൊണ്ടുപോവുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ഫോണിലൂടെയും നേരിട്ടും സൗഹൃദം സ്ഥാപിച്ച ശേഷം ഞായറാഴ്ച വൈകിട്ട് അഞ്ചോടെ എടയപ്പുറം ഭാഗത്തുനിന്ന് നിർബന്ധിച്ചാണ് അങ്കമാലിയിലേക്ക് കൊണ്ടുപോയത്.
വീട്ടിൽ നിന്ന് പലചരക്ക് സാധനങ്ങൾ വാങ്ങാൻ പോയ മകളെ കാണാനില്ലെന്ന പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് വ്യാപക പരിശോധന നടത്തിയത്. ഗ്രൂപ്പുകളായി തിരിഞ്ഞ് നിരവധി വാഹനങ്ങളും അമ്പതോളം സിസിടിവികളും പരിശോധിച്ചു.
ഇതിനിടെ കോൽക്കത്തയിലെ പെൺകുട്ടിയുടെ ബന്ധുവീട്ടിലേക്ക് വിളിച്ച് ട്രെയിനിൽ നാട്ടിലേക്ക് വരുമെന്ന് അറിയിച്ചത് വഴിത്തിരിവായി. പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിൽ അങ്കമാലി റെയിൽവേ സ്റ്റേഷനടുത്ത് ഒരു വീട്ടിലുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. ഡിവൈഎസ്പി എ . പ്രസാദ്, ഇൻസ്പെക്ടർ എം.എം മഞ്ജുദാസ്, എസ്ഐ കെ. നന്ദകുമാർ സിപിഒ മാരായ മാഹിൻ ഷാ അബൂബക്കർ, മുഹമ്മദ് അമീർ, കെ.എം മനോജ്, ടി.ബി. സന്ധ്യ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.