മരടിൽ വെള്ളക്കെട്ട്: തർക്കം കൂട്ടത്തല്ലിൽ കലാശിച്ചു
1425578
Tuesday, May 28, 2024 7:42 AM IST
മരട്: വെള്ളക്കെട്ടിനെ ചൊല്ലിയുണ്ടായ തർക്കം കൂട്ടത്തല്ലിൽ കലാശിച്ചു. കുണ്ടന്നൂർ മെട്രോ നഗറിലാണ് വെള്ളക്കെട്ടിനെത്തുടർന്നുണ്ടായ തർക്കം കൂട്ടത്തല്ലിൽ കലാശിച്ചത്. സംഭവത്തിൽ ഇരു വിഭാഗങ്ങളിലെയുമായി ഏഴ് പേർക്കെതിരെ മരട് പൊലീസ് കേസെടുത്തു. ഇവിടുത്തെ വെള്ളക്കെട്ടിനെ ചൊല്ലി ഇരു വിഭാഗവും തമ്മിലുണ്ടായ തർക്കമാണ് ഒടുവിൽ കൂട്ടത്തല്ലിലെത്തിയത്.
സംഘട്ടനത്തിൽപരിക്കേറ്റവർ ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടി. മരട് മെട്രോ നഗറിൽ ഇന്നലെ രാവിലെ പത്തോടെയായിരുന്നു സംഭവം. ഇതിലൂടെ ഒഴുകിയിരുന്ന തോടിലൂടെ ഉപ്പുവെള്ളം കയറാതിരിക്കാൻ വേനൽക്കാലത്ത് സ്ഥലമുടമ സിമന്റിട്ട് അടച്ചിരുന്നു. മഴയായിട്ടും ഇത് തുറക്കാതിരുന്നതാണ് വെള്ളക്കെട്ടിനു കാരണമായതെന്ന് നാട്ടുകാർ പറയുന്നു.
റോഡിലെ കട്ടകൾ ഇളക്കി മാറ്റി വെള്ളമൊഴുകാനുള്ള സൗകര്യമൊരുക്കവേ സ്ഥലം ഉടമയും സംഘവുമെത്തി തർക്കത്തിലാകുകയും കൂട്ടത്തല്ലിൽ കലാശിക്കുകയുമായിരുന്നു. വിവരമറിഞ്ഞ് മരട് പൊലീസും സ്ഥലത്തെത്തി.