ബ്യൂട്ടി പാർലറിൽനിന്ന് സ്വർണവും പണവും കവർന്ന ജീവനക്കാരൻ അറസ്റ്റിൽ
1425572
Tuesday, May 28, 2024 7:42 AM IST
തൃപ്പൂണിത്തുറ: ബ്യൂട്ടി പാർലറിൽനിന്ന് സ്വർണവും പണവും മോഷ്ടിച്ച പ്രതിയെ അറസ്റ്റ് ചെയ്തു. ബസ്സ്റ്റാൻഡിനു സമീപത്തുള്ള ബ്യൂട്ടി പാർലറിൽനിന്ന് ഒന്നേകാൽ ലക്ഷം രൂപയും സ്വർണവും ഫോണും മോഷ്ടിച്ച കേസിൽ അതേ സ്ഥാപനത്തിലെ ബ്യൂട്ടീഷ്യനായിരുന്ന തിരുവനന്തപുരം കല്ലറ സ്വദേശി ഇസ മുഹമ്മദിനെയാണ്(37) ഹിൽപാലസ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഞായറാഴ്ച്ച പുലർച്ചെ 3.30ന് മേശ വലിപ്പ് കുത്തിത്തുറന്ന് 1.25 ലക്ഷം രൂപ, ഒരു പവൻ തൂക്കമുള്ള 2 മാല, അര പവന്റെ 2 പാദസ്വരങ്ങൾ, 8 കുട്ടി മോതിരങ്ങൾ, ഓരോ ഗ്രാമിന്റെ 2 ലോക്കറ്റുകൾ എന്നിവയാണ് മോഷ്ടിച്ചത്. പരാതി ലഭിച്ചതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരുവനന്തപുരം ഭാഗത്തുള്ള ലോഡ്ജിൽനിന്ന് അറസ്റ്റ് ചെയ്തത്.