പുസ്തകം എവിടെ കിട്ടുമെന്നറിയാൻ ഏകീകൃത സോഫ്റ്റ്വേർ സംവിധാനം; പരിശീലനമൊരുക്കി മൂവാറ്റുപുഴ താലൂക്ക്
1425566
Tuesday, May 28, 2024 7:41 AM IST
മൂവാറ്റുപുഴ: പുസ്തകം സ്വന്തം വായനശാലയിലും ഇല്ലെങ്കിൽ കേരളത്തിലെ ഏത് ഗ്രന്ഥശാലയിൽ ലഭിക്കുമെന്ന് അറിയാനുള്ള ഏകികൃത സോഫ്റ്റ്വേർ സംവിധാനം ഒരുക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് മൂവാറ്റുപുഴ താലൂക്കിൽ തുടക്കമായി. ഇതിന്റെ ഭാഗമായി നടത്തുന്ന സോഫ്റ്റ്വേർ പരിശീലനത്തിന്റെ പ്രാഥമിക ഘട്ടമെന്ന നിലയിൽ പായിപ്ര പഞ്ചായത്തിലേയും, മൂവാറ്റുപുഴ നഗരസഭയിലേയും ഗ്രന്ഥശാല സെക്രട്ടറിമാർക്കും, ലൈബ്രേറിയന്മാർക്കും പരിശീലനം നൽകി.
താലൂക്ക് ലൈബ്രറി കൗണ്‍സിൽ ഓഫീസിൽ നടന്ന പരിശീലന പരിപാടിയുടെ ഉദ്ഘാടനം സംസ്ഥാന ലൈബ്രറി കൗണ്‍സിൽ അംഗം ജോസ് കരിന്പന നിർവഹിച്ചു. പായിപ്ര പഞ്ചായത്ത് നേതൃസമിതി കണ്‍വീനർ ഇ.എ. ഹരിദാസ് അധ്യക്ഷതവഹിച്ചു. താലൂക്ക് ലൈബ്രറി കൗണ്‍സിൽ സെക്രട്ടറി സി.കെ. ഉണ്ണി, ജോയിന്റ് സെക്രട്ടറി പി.കെ. വിജയൻ, എക്സിക്യൂട്ടീവംഗം ബി.എൻ. ബിജി, ആർ. രാജീവ്, ടി.ആർ. ഷാജു എന്നിവർ പ്രസംഗിച്ചു. ജെയ്സണ്‍ കക്കാട്, കെ.എം. മെഹലീസ് എന്നിവർ ക്ലാസ് നയിച്ചു.
20നും 21നും വീണ്ടും മൂവാറ്റുപുഴ താലൂക്കിലെ 74 ഗ്രന്ഥശാല സെക്രട്ടറിമാർക്കും, ലൈബ്രേറിയന്മാർക്കും പരിശീലനം നൽകുമെന്ന് താലൂക്ക് സെക്രട്ടറി സി.കെ. ഉണ്ണി പറഞ്ഞു.