മത്സ്യക്കുരുതിക്ക് കാരണം രാസമാലിന്യം!
1424924
Sunday, May 26, 2024 3:36 AM IST
മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് തള്ളി ഫിഷറീസ് യൂണിവേഴ്സിറ്റി
കൊച്ചി: പെരിയാറില്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങിയതിന്റെ കാരണം വെള്ളത്തില്‍ ഓക്സിജന്റെ അളവ് കുറഞ്ഞതാണെന്ന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് തള്ളി ഫിഷറീസ് യൂണിവേഴ്സിറ്റി. അമിത അളവില്‍ അമോണിയയും സള്‍ഫൈഡും വെള്ളത്തില്‍ കലര്‍ന്നതാണ് മത്സ്യക്കുരുതിക്ക് കാരണമായതെന്ന് കേരള ഫിഷറീസ് സര്‍വകലാശാല(കുഫോസ്)യുടെ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു.
മീനിന്റെ ആവാസ വ്യവസ്ഥയ്ക്ക് ഒട്ടും അനുയോജ്യമല്ലാത്ത അമോണിയയുടെയും സള്‍ഫൈഡിന്റെയും അളവ് മൂന്ന് പിപിഎമ്മിന് മുകളിലെത്തിയതാണ് ഓക്സിജന്റെ അളവ് കുറഞ്ഞാലും അതിജീവിക്കുന്ന മത്സ്യങ്ങള്‍ വരെ ചത്തുപൊങ്ങാന്‍ ഇടയാക്കിയത്. ചത്ത മീനിന്റെ ചെകിളയില്‍ നിന്നു രക്തം പൊടിഞ്ഞതായി കണ്ടെത്തിയിരുന്നു.
ഇത് ഓക്സിജന്റെ അളവ് കുറയുന്നതുകൊണ്ടും രാസമാലിന്യം കലരുന്നതുകൊണ്ടും സംഭവിക്കാമെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. വെള്ളത്തിലെ ക്രോമിയത്തിന്റെ അളവിന്റെ പരിശോധന റിപ്പോര്‍ട്ട് ഇന്ന് ലഭിക്കും. സ്ഥലത്ത് നിന്ന് ശേഖരിച്ച മത്സ്യത്തിന്റെയും മണ്ണിന്റെയും പരിശോധന ഫലം രണ്ടാഴ്ചയ്ക്ക് ശേഷം ലഭിക്കും. ഇതിനുശേഷമാകും അന്തിമ റിപ്പോര്‍ട്ട് കുഫോസ് സമര്‍പ്പിക്കുക.
അതേസമയം ഓക്സിജന്റെ അളവ് കുറഞ്ഞതാണ് മത്സ്യങ്ങള്‍ ചത്തുപൊങ്ങാന്‍ കാരണമായതെന്നാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ എന്‍വയോണ്‍മെന്റല്‍ എന്‍ജിനിയര്‍ സജീഷ് ജോയി ജില്ലാ ഭരണകൂടത്തിന് നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. ബണ്ട് തുറന്നതിന് ശേഷം താഴെയുള്ള ഭാഗങ്ങളില്‍ വെള്ളത്തില്‍ ഡിസോള്‍വ്ഡ് ഓക്സിജന്റെ അളവ് കുറഞ്ഞതായി കണ്ടെത്തി.
വെട്ടുകാട് ഭാഗത്ത് 3.6 മില്ലിഗ്രാമിന്റെയും പാതാളം ബണ്ടിന് താഴെ 0.6 ശതമാനത്തിന്റെയും കുറവാണ് കാണപ്പെട്ടത്. ഇത്തരത്തില്‍ ഏലൂര്‍, ചേരാനെല്ലൂര്‍, വരാപ്പുഴ, കടമക്കുടി, കോതാട് ഭാഗങ്ങളിലും ഓക്സിജന്റെ അളവ് കുറവ് കണ്ടെത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ജലത്തിലെ രാസസാന്നിധ്യം നിര്‍ണയിക്കുന്ന പിഎച്ച് അളവും ബണ്ട് തുറന്നതിന് ശേഷം കൂടിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ബണ്ട് തുറക്കുന്നതിന് മുന്‍പ് 6.87 ആയിരുന്നു പിഎച്ച് ലവല്‍. ബണ്ട് തുറന്നതിന് ശേഷം ഇത് 7.1 ആയി ഉയര്‍ന്നു. ബണ്ടിന് മുകളില്‍ ഇത് 7.18 ഉം വെട്ടിക്കാട് ഭാഗത്ത് 7.21 ആയിരുന്നു പുഴയിലെ പിഎച്ച് അളവ്.
മത്സ്യദുരന്തത്തിന് ഇതും ഒരു കാരണമായെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വേനല്‍ക്കാലത്ത് ദീര്‍ഘകാലമായി അടഞ്ഞുകിടന്ന ബണ്ടിന് മുകളില്‍ ജനവാസമേഖലകളിലൂടെ ഒഴുകിവന്ന ജൈവമാലിന്യങ്ങള്‍ അടുഞ്ഞുകൂടി ബണ്ട് തുറന്നപ്പോള്‍ അതു താഴേക്ക് ഒഴുകിയതാണ് വെള്ളത്തിന്റെ രൂപമാറ്റത്തിന് ഇടയാക്കിയതെന്ന വിശദീകരണമാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡിനുള്ളത്.
അതേസമയം രാസമാലിന്യമാണോ മത്സ്യക്കുരുതിക്ക് കാരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നില്ല. പരിശോധനകളില്‍ വ്യവസായ മാലിന്യം കലര്‍ന്നിട്ടുള്ളതായി കണ്ടെത്താനായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. ബണ്ട് തുറക്കുന്നതിന് മുന്‍പ് ജലസേചന വകുപ്പ് അറിയിപ്പ് നല്‍കിയില്ലെന്ന കുറ്റപ്പെടുത്തലും റിപ്പോര്‍ട്ടിലുണ്ട്.
കുണ്ടന്നൂരും മത്സ്യങ്ങള്‍ ചത്തുപൊങ്ങി
മരട്: കുണ്ടന്നൂർ കായലിലും മത്സ്യങ്ങൾ ചത്തുപൊങ്ങുന്നു. കായലിൽ മത്സ്യക്കൃഷി നടത്തുന്ന സ്വാശ്രയ മത്സ്യകൃഷി സംഘത്തിന്റെ കൂട് മത്സ്യക്കൃഷിയിലാണ് കഴിഞ്ഞ ദിവസം മുതൽ മത്സ്യങ്ങൾ ചത്തുപൊങ്ങിയത്. വെള്ളിയാഴ്ച വൈകിട്ടോടെ ചെറിയ രീതിയിൽ മത്സ്യങ്ങൾ ചത്തുപൊങ്ങിയിരുന്നെങ്കിലും ഇന്നലെ (ശനി) മുതലാണ് വ്യാപകമായ തോതിൽ കണ്ടത്.
കായലിൽ കൂട് മത്സ്യക്കൃഷി നടത്തുന്നയിടങ്ങളിലെല്ലാം തന്നെ മീനുകൾ ഓക്സിജൻ ലഭിക്കാതെ പൊങ്ങിമറിയുന്ന കാഴ്ചയാണ്. വില്പനയ്ക്ക് തയാറായിക്കൊണ്ടിരുന്ന കരിമീനുകളും കാളാഞ്ചിയുമാണ് ചത്തുപൊങ്ങുന്നത്. പത്തിലധികം മത്സ്യക്കൂടുകളാണ് ഇവിടെയുള്ളത്. ഇതിൽ ഒരെണ്ണത്തിലെ മത്സ്യങ്ങളെയാണ് ചത്തുപൊങ്ങിയ നിലയിൽ കണ്ടത്.
കുഫോസ് അധികൃതരെ വിവരമറിയിച്ച പ്രകാരം അവര്‍ പരിശോധന നടത്തി. മീനുകള്‍ ചത്തതിന് കാരണമെന്താണെന്ന് നിലവില്‍ വ്യക്തമല്ല. രാസമാലിന്യമാണോ കാരണമെന്നു പരിശോധിക്കുന്നുണ്ട്. വെള്ളത്തിൽ അമോണിയത്തിന്റെ അംശം കൂടുതലാണെന്ന് കുഫോസ് അധികൃതർ പറഞ്ഞു.
അഞ്ചു വർഷത്തിനിടയിൽ ആദ്യമായാണ് ഇത്തരമൊരു അനുഭവമെന്നും എട്ടു ലക്ഷത്തോളം രൂപയുടെ മത്സ്യങ്ങൾ കൂടുകളിലുണ്ടെന്നും മത്സ്യക്കൃഷി നടത്തുന്ന നെട്ടൂർ സ്വദേശി ജാക്സൻ സിമേന്തി പറഞ്ഞു. കുണ്ടന്നൂർ കായലിൽ മരടിലെ പൊളിച്ച ഫ്ലാറ്റുകള്‍ക്ക് സമീപമാണ് മത്സ്യക്കൃഷി നടത്തുന്നത്.
പെരിയാറിലെ മത്സ്യക്കുരുതി : എന്‍വയോണ്‍മെന്റല്‍ എന്‍ജിനീയറെ സ്ഥലം മാറ്റി
കൊച്ചി: പെരിയാറിലെ മത്സ്യക്കുരുതി അന്വേഷിച്ചിരുന്ന ഏലൂരിലെ മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്‍വയോണ്‍മെന്റ് സര്‍വൈലന്‍സ് ഓഫീസര്‍ ആയിരുന്ന എന്‍വയോണ്‍മെന്റല്‍ എന്‍ജിനീയര്‍ സജീഷ് ജോയിയെ സ്ഥലം മാറ്റി. പകരം സീനിയര്‍ എന്‍ജിനീയര്‍ എം.എ. ഷിജുവിനെ നിയമിച്ചു.
സീനിയര്‍ ഉദ്യോഗസ്ഥനെ നിയമിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് പിസിബി അധികൃതര്‍ പറഞ്ഞു. എന്നാൽ പെരിയാറിലെ മത്സ്യക്കുരുതിക്ക് കാരണം ഓക്സിജന്റെ അളവ് കുറഞ്ഞതാണെന്ന റിപ്പോര്‍ട്ട് കൈമാറിയതിന് പിന്നാലെയായിരുന്നു സജീഷിന്റെ സ്ഥലം മാറ്റം.