പെരിയാറിലെ മത്സ്യക്കുരുതി: പോലീസില്‍ പരാതി നല്കി ഏലൂര്‍ നഗരസഭ
1424798
Saturday, May 25, 2024 5:11 AM IST
ഏലൂര്‍: പെരിയാറില്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങിയ സംഭത്തില്‍ പുഴയിലേക്ക് രാസമാലിന്യം ഒഴുക്കിയ കമ്പനികള്‍ക്കെതിരെ ഏലൂര്‍ നഗരസഭ പോലീസില്‍ പരാതി നല്കി. ജലം മലിനമാക്കിയത് ഏതൊക്കെ കമ്പനികളാണെന്ന് കണ്ടെത്തി നടപടി സ്വീകരിക്കണമെന്നാണ് നഗരസഭാ സെക്രട്ടറി ഏലൂര്‍ പോലീസില്‍ നല്‍കിയിട്ടുള്ള പരാതിയില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.
മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായാണ് രാസമാലിന്യം ഒഴുക്കിയിട്ടുള്ളതെന്നാണ് വിവരം. ഇതിലൂടെ നിരവധി മത്സ്യകര്‍ഷകര്‍ക്ക് സാമ്പത്തിക നഷ്ടം ഉണ്ടായിട്ടുണ്ടെന്നും പരാതിയില്‍ വ്യക്താക്കുന്നു.
അതിനിടെ പുഴയിലേക്ക് രാസമാലിന്യം ഒഴുക്കിയ കമ്പനികളുടെ പേരുവിവരങ്ങള്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിനോട് നഗരസഭ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇനിയും ലഭിച്ചിട്ടില്ല. പിസിബിയുടെ റിപ്പോര്‍ട്ട് തയാറായിട്ടില്ലെന്നാണ് വിവരം. കമ്പനികളുടെ പേരു വിവരങ്ങള്‍ ലഭിച്ചാലുടന്‍ മുനിസിപ്പല്‍ ആക്ട് പ്രകാരം നഗരസഭ ഈ കമ്പനികള്‍ക്കെതിരെ പിഴ ചുമത്തും.
സബ് കളക്ടറുടെ റിപ്പോര്‍ട്ട് ഇന്ന്
സംഭവത്തില്‍ ഫോര്‍ട്ട്കൊച്ചി സബ് കളക്ടറുടെ നേതൃത്വത്തില്‍ രൂപീകരിച്ച കമ്മിറ്റി ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. മത്സ്യങ്ങള്‍ കൂട്ടത്തോടെ നശിക്കാനിടയായ സാഹചര്യം സംബന്ധിച്ച് ലാബ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും സബ് കളക്ടറുടെ റിപ്പോര്‍ട്ട്.
മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ഇറിഗേഷന്‍, വ്യവസായ വകുപ്പ്, ആരോഗ്യ വകുപ്പ്, വാട്ടര്‍ അഥോറിറ്റി, ഫിഷറീസ് എന്നീ വകുപ്പുകള്‍ ഉള്‍പ്പെട്ടതാണ് കമ്മിറ്റി.
കൂടാതെ ഫിഷറീസ് യൂണിവേഴ്സിറ്റിയിലെ വിദഗ്ധരെ ഉള്‍പ്പെടുത്തി രൂപീകരിച്ച കമ്മിറ്റിയുടെ റിപ്പോര്‍ട്ടും പരിശോധിച്ചശേഷമാണ് റിപ്പോര്‍ട്ട് തയാറാക്കിയിട്ടുള്ളത്.
അലയന്‍സ് മറൈന്‍ പ്രൊഡക്ട്സ് കമ്പനി അടച്ചുപൂട്ടാന്‍ പിസിബി നോട്ടീസ്
ഏലൂര്‍: കോഴി, മത്സ്യം എന്നിവ സംസ്കരിക്കുന്ന എടയാര്‍ വ്യവസായ മേഖലയിലെ അലയന്‍സ് മറൈന്‍ പ്രൊഡക്ട്സ് കമ്പനി അടച്ചുപൂട്ടാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് നോട്ടീസ് നല്കി. വായു മലിനീകരണം, ജല മലിനീകരണം എന്നിവ നടത്തുന്നതിനെതിരെ പിസിബി മുന്‍കൂര്‍ നോട്ടീസ് നല്‍കിയിരുന്നു. വ്യവസ്ഥകള്‍ പാലിക്കാത്തതിനാലാണ് നോട്ടീസ് നല്‍കിയിട്ടുള്ളത്.
കഴിഞ്ഞ 20ന് നടത്തിയ പരിശോധനയില്‍ കോഴി മാലിന്യ റെന്‍ഡറിംഗ് യൂണിറ്റില്‍നിന്നു വന്‍തോതില്‍ പാകം ചെയ്ത ഉത്പന്നം സംസ്കരണ പ്രദേശത്ത് വലിച്ചെറിയുന്നതും മുന്‍വശത്തെ ഷട്ടറിന് കേടുപാടുകള്‍ സംഭവിച്ചതും ദുര്‍ഗന്ധ നിയന്ത്രണ സംവിധാനം പ്രവര്ത്തിക്കാത്തതുമടക്കം പിസിബി ക്രമക്കേട് കണ്ടെത്തിയിരുന്നു.
ഇതിന് പുറമേ കഴിഞ്ഞദിവസം നടന്ന പരിശോധനയില്‍ ഇവിടെനിന്ന് അസംസ്കൃത മാലിന്യം അനധികൃതമായി പെരിയാറിലേക്ക് ഒഴുക്കുന്നതായും കണ്ടെത്തിയിരുന്നു.അതേസമയം ഈ പട്ടികയില്‍ ഒട്ടനവധി കമ്പനികള്‍ ഉണ്ടായിട്ടും അലയന്‍സ് കമ്പനി മാത്രം അടച്ചുപൂട്ടാനുള്ള തീരുമാനം പക മൂലമാണെന്ന് മാനേജ്മെന്റ് ആരോപിച്ചു.
കമ്പനികളുടെ വിവരങ്ങള്‍ തേടി നഗരസഭ
മത്സ്യക്കുരുതിക്ക് കാരണമായ കമ്പനികളുടെ വിവരങ്ങള്‍ തേടി ഏലൂര്‍ നഗരസഭ എന്‍വയോണ്‍മെന്റല്‍ എന്‍ജിനീയര്‍ക്ക് കത്ത് നല്കി.
വിഷയത്തില്‍ കുറ്റക്കാരായ കമ്പനികള്‍ക്കെതിരെ അടിയന്തര നടപടി സ്വീകരിക്കുന്നതിന് സ്ഥാപനങ്ങളുടെ വിശദാംശങ്ങള്‍ അടിയന്തിരമായി നഗരസഭയില്‍ ലഭ്യമാക്കണമെന്ന് നഗരസഭ സെക്രട്ടറി നല്കിയ കത്തില്‍ പറയുന്നു.
വ്യവസായ സ്ഥാപനങ്ങള്‍ക്ക് പങ്കില്ലെന്ന്
കൊച്ചി: പെരിയാറിലെ മത്സക്കുരുതിയില് എടയാര്‍ വ്യവസായ മേഖലയിലെ വ്യവസായ സ്ഥാപനങ്ങള്‍ക്ക് യാതൊരു പങ്കുമില്ലെന്ന് എടയാര്‍ ചെറുകിട വ്യവസായ അസോസിയേഷന്. സംഭവത്തിന് പിന്നാലെ അസോസിയേഷന്റെ നേതൃത്വത്തില്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 350ഓളം വ്യവസായ സ്ഥാപനങ്ങളിലും പരിശോധന നടത്തി.
അപകടകരമായ രാസമാലിന്യം ഒരു സ്ഥാപനത്തില്‍ നിന്നും പെരിയാറിലേക്ക് പുറന്തള്ളുന്നില്ല. അഞ്ച് വ്യവസായ സ്ഥാപനങ്ങള്‍ക്കാണ് രാസമാലിന്യം പുറന്തള്ളുന്നതിന് അനുവാദം നല്‍കിയിട്ടുള്ളത്. ഇവ പ്രകൃതിക്ക് ഹാനികരമല്ലെന്ന് ഉറപ്പാക്കിയിട്ടുള്ളതാണ്. വസ്തുത ഇതായിരിക്കെ, പ്രദേശത്തെ വ്യവസായ സ്ഥാപനങ്ങള്‍ക്കെതിരെ വിഷയത്തില്‍ ആരോപണം ഉന്നയിക്കുന്നത് ശരിയല്ലെന്ന് അസോസിയേഷന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
വ്യക്തമായ തെളില്ലാതെയാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് പ്രദേശത്തെ ഒരു സ്ഥാപനത്തിന് നോട്ടീസ് നല്‍കിയിട്ടുള്ളത്. ഇത് യഥാര്‍ഥ കാരണത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ്.
മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതിയോടെ വ്യവസായ സ്ഥാപനങ്ങള്‍ പുഴയിലേക്ക് വച്ചിരിക്കുന്ന പൈപ്പിന്റെ അവസാന ഭാഗത്ത് എല്ലാവര്ക്കും പരിശോധിക്കാവുന്ന തരത്തിൽ അതാത് കമ്പനികള്‍ ഓപ്പണ്‍ പിറ്റ് ഉണ്ടാക്കുകയും ചെയ്യണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.