എന്റെ നാട് കൂട്ടായ്മയും ചേലാട് ദന്തൽ കോളജും കൈകോർക്കുന്നു
1424796
Saturday, May 25, 2024 5:11 AM IST
കോതമംഗലം : എന്റെ നാട് ജനകീയ കൂട്ടായ്മയും ചേലാട് സെന്റ് ഗ്രിഗോറിയോസ് ദന്തൽ കോളജും ആരോഗ്യ മേഖലയിൽ കൈകോർക്കുന്നതിന്റെ ഭാഗമായി ധാരണാപത്രം ഒപ്പിട്ടു. എന്റെ നാട് മൈതാനിയിൽ നടന്ന സംയുക്ത യോഗത്തിൽ ചെയർമാൻ ഷിബു തെക്കുംപുറം പദ്ധതിയുടെ പ്രഖ്യാപനം നടത്തി. ദന്തൽ കോളജ് പ്രിൻസിപ്പൽ ഡോ. ജെയ്ൻ മാത്യു അധ്യക്ഷത വഹിച്ചു.
വരും വർഷങ്ങളിൽ മെഡിക്കൽ ക്യാന്പുകൾ, ബോധവത്ക്കരണ ക്ലാസുകൾ, നിർധനരായ രോഗികൾക്ക് സൗജന്യ ചികിത്സ എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ആരോഗ്യ സേവന രംഗത്ത് എന്റെ നാട് കൂട്ടായ്മയുടെ മറ്റൊരു പ്രവർത്തന മേഖല കൂടി ഇതുവഴി തുറക്കാൻ കഴിയുമെന്ന് ഷിബു തെക്കുംപുറം പറഞ്ഞു.
പ്രഫ. ഡോ. ടീന ജേക്കബ്, ഡോ. റിനെറ്റ്, അഡ്മിനിസ്ട്രേറ്റർ എൽദോസ് ഐസക്ക്, ജോർജ് അന്പാട്ട്, ജോഷി പൊട്ടയ്ക്കൽ, സി.കെ. സത്യൻ, സി.ജെ. എൽദോസ്, പി.എ. പാദുഷ എന്നിവർ പ്രസംഗിച്ചു.