വയോധികയുടെ കൊലപാതകം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറാൻ നീക്കം
1424789
Saturday, May 25, 2024 4:53 AM IST
കോതമംഗലം: ചേലാട് കള്ളാട് ചെങ്ങമനാട്ട് സാറാമ്മ ഏലിയാസ് (72) പട്ടാപ്പകൽ വീടിനുള്ളിൽ കൊല്ലപ്പെട്ടിട്ട് രണ്ട് മാസം ആകുന്പോഴും അന്വേഷണം എങ്ങുമെത്താത്ത സാഹചര്യത്തിൽ അന്വേഷണ ചുമതല ക്രൈംബ്രാഞ്ചിന് കൈമാറാൻ നീക്കം.
സാറാമ്മയുടെ ശരീരത്തിലുണ്ടായിരുന്ന ആഭരണങ്ങൾ കവർച്ച ചെയ്യപ്പെട്ടിരുന്നു. മോഷണം ലക്ഷ്യമിട്ടുള്ള കൊലപാതകം എന്നതാണ് പോലീസിന്റെ നിഗമനം. ഈ നിഗമനല്ലാതെ മറ്റൊന്നും പോലീസിന്റെ കൈവശം ഇപ്പോഴില്ല.
അന്വേഷണം മുന്പോട്ടുകൊണ്ടുപോകാൻ കഴിയുന്ന തെളിവുകളോ, സൂചനകളോ കണ്ടെത്താൻ കഴിയാതെ അന്വേഷണം വഴിമുട്ടികഴിഞ്ഞു. പ്രതികൾ ഉടൻ പിടിയിലാകുമെന്ന സൂചന നൽകുന്നതായിരുന്നു പോലീസിന്റെ അന്വേഷണ തുടക്കം.
ചില വിവരങ്ങൾ ലഭ്യമായിട്ടുണ്ടെന്ന് ജില്ലാ പോലീസ് മേധാവി തന്നെ വ്യക്തമാക്കിയതുമാണ്. നിരവധിപേരെ സംശയവലയിലാക്കുകയും ചിലരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ചോദ്യം ചെയ്യലിനിടെ ഒരാൾ കുറ്റസമ്മതമൊഴി നൽകിയത് പ്രതീക്ഷ നൽകിയതുമാണ്.
എന്നാൽ ഈ മൊഴി വാസ്തവമാണെന്ന് തെളിയിക്കാൻ പോലീസിന് കഴിഞ്ഞില്ല. പ്രദേശത്തെ പൈനാപ്പിൾ തോട്ടത്തിലടക്കം പണിക്കുവന്നിട്ടുള്ള ഇതരസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണവും വൃഥാവിലായി.
ഫോണ് കോൾ ലൊക്കേഷൻ അടിസ്ഥാനമാക്കി ആയിരണക്കിനാളുകളിൽ നിന്നും വിവരശേഖരണവും നടത്തി. പ്രദേശത്തെ മൊബൈൽ ടവറിന്റെ പരിധിയിലൂടെ കടന്നുപോയവർക്കെല്ലാം പോലീസിന്റെ വിളിയെത്തി. എന്നാൽ അന്വേഷണത്തിന് വഴിത്തിരിവുണ്ടാക്കാൻ പോന്നതൊന്നും അന്വേഷണ സംഘത്തിന് ലഭിച്ചില്ല.
പോലീസിന് കഴിയാത്ത സാഹചര്യത്തിൽ സ്വാഭാവിക നടപടിയെന്ന നിലയിൽ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കും. ഇതുസംബന്ധിച്ച് ഉത്തരവ് ഇറങ്ങുകയെന്ന സാങ്കേതിക നടപടി മാത്രമാണ് അവശേഷിക്കുന്നത്. സിബിഐ അന്വേഷണം എന്ന ആവശ്യമാണ് സാറാമ്മയുടെ കുടുബം മുന്നോട്ടുവച്ചിട്ടുള്ളത്. ഇപ്പോഴത്തെ സാഹചര്യത്തിൽ ഈ ആവശ്യം സർക്കാർ പരിഗണിക്കാനിടയില്ല