ദേശീയപാത നിർമാണത്തിനായി അടച്ച തോടുകളും കാനകളും തുറക്കുന്നു
1424784
Saturday, May 25, 2024 4:53 AM IST
പറവൂർ: ദേശീയപാത 66ന്റെ നിർമാണത്തിനായി അടച്ച തോടുകളും കാനകളും മേഖലയിലുണ്ടായ വെള്ളക്കെട്ട് പരിഹരിക്കാൻ തുറന്നുകൊടുത്തു തുടങ്ങി. ഇതോടെ ദുരിതത്തിലായ ജനങ്ങൾക്ക് അൽപം ആശ്വാസമായി. ഇന്നലെ പകൽ മഴ ഇല്ലാതിരുന്നതും വെള്ളക്കെട്ട് മാറാൻ സഹായിച്ചു. കുര്യാപ്പിള്ളി ലേബർ ജംഗ്ഷനിൽ രൂക്ഷമായ വെള്ളക്കെട്ടാണുണ്ടായത്.
ഇന്നലെ രാവിലെ സമീപത്തുള്ള കടകളിലും വീടുകളിലുമൊക്കെ വെള്ളം കയറി. അകത്തേക്ക് വെള്ളം കയറിയതിനാൽ കടകൽ പലതും തുറക്കാനായില്ല. പിന്നീട് പഞ്ചായത്ത് പ്രസിഡന്റ് രശ്മി അനിൽകുമാർ അംഗങ്ങളായ കെ.ടി. നിതിൻ, സൈബ സജീവ് എന്നിവരുടെ നേതൃത്വത്തിൽ നാട്ടുക്കാരും നിർമാണ കമ്പനി തൊഴിലാളികളും ചേർന്ന് അടച്ചു കെട്ടിയിരുന്ന തോടുകളും കാനകളും തുറന്ന് വെള്ളം ഒഴുകിപ്പോകാനുള്ള ചാല് നിർമിക്കുകയായിരുന്നു.
തുടർന്ന് ഉച്ചയോടെ ഈ ഭാഗത്ത് വെള്ളക്കെട്ട് ഒഴിവാക്കാൻ കഴിഞ്ഞു. ചിറ്റാറ്റുകര, കോട്ടുവള്ളി, വരാപ്പുഴ പഞ്ചായത്തുകളിലും ജനപ്രതിനിധികളും ജനങ്ങളും ചേർന്ന് വെള്ളക്കെട്ട് ഒഴിവാക്കാൻ തോടുകൾ തുറന്നു കൊടുക്കുകയായിരുന്നു.