തെരുവുനായ് ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്ക്
1423957
Tuesday, May 21, 2024 6:53 AM IST
മൂവാറ്റുപുഴ: തെരുവുനായുടെ ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. കല്ലൂർക്കാട് പഞ്ചായത്ത് പത്താം വാർഡ് ചാറ്റുപാറയിൽ കൈപ്പതടത്തിൽ റോബിൻ, പാറത്താഴത്ത് ഷാജി എന്നിവർക്കാണ് തെരുവുനായയുടെ കടിയേറ്റത്.
പെട്രോൾ പന്പിലെ ജീവനക്കാരനായ റോബിൻ പുലർച്ചെ നാലിന് പന്പിലേക്ക് പോകുംവഴിയും, ഷാജി രാവിലെ എട്ടോടെ ജോലിക്കായി പോകുന്പോഴുമാണ് നായ ആക്രമിച്ചത്. ചാറ്റുപാറയിൽ കലുങ്കിനടിയിൽ പ്രസവിച്ചുകിടക്കുന്ന നായയാണ് ആക്രമണകാരിയായി മാറിയിരിക്കുന്നത്. തെരുവുനായയുടെ ഭീഷണിമൂലം പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിലാണ് പ്രദേശവാസികൾ.
തെരുവുനായുടെ ആക്രമണം അറിഞ്ഞിട്ടും അധികൃതർ സ്ഥലം സന്ദർശിക്കാനോ മറ്റോ തയ്യാറായിട്ടില്ലെന്ന് നാട്ടുകാർ പറഞ്ഞു. നായയുടെ ആക്രമണത്തിനിരയായവരെ സന്ദർശിക്കുകയോ മറ്റുനടപടികളെടുക്കുകയോ ചെയ്തിട്ടില്ലെന്നും നാട്ടുകാർ കുറ്റപ്പെടുത്തി.
തൊഴിലുറപ്പ് തൊഴിലാളികളും, കുടുംബശ്രീ പ്രവർത്തകരും ഡ്രൈഡേ ആചരണം നടത്തേണ്ട ശനിയാഴ്ച തെരുവുനായ ഭയത്താൽ ശുചീകരണ പ്രവർത്തനങ്ങളൊന്നും നടത്താൻ സാധിച്ചില്ല. അക്ഷയ, കുടുംബശ്രീ അംഗങ്ങളും, പുലരി കുടുംബശ്രീ അംഗങ്ങളും നാട്ടുകാരും ചേർന്ന് പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ്. അക്രമകാരിയായ നായയെ പിടികൂടി പുനരധിവസിപ്പിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്. നായയുടെ കടിയേറ്റവർക്ക് പ്രതിരോധ കുത്തിവയ്പ്പ് ആരംഭിച്ചിട്ടുണ്ട്.