റോഡരികിൽ കാലഹരണപ്പെട്ട വാഹനക്കൂട്ടം : ആലുവ ട്രഷറി റോഡിൽ പാർക്കിംഗ് ദുഷ്ക്കരം
1601235
Monday, October 20, 2025 4:26 AM IST
ആലുവ: ട്രഷറി റോഡിലെ സബ് ജയിലിന് മുന്നിൽ ജയിൽ വകുപ്പിന്റെയും പോലീസ് കേസിൽ ഉൾപ്പെട്ടതുമായ വാഹനങ്ങൾ തുരുമ്പെടുത്ത് നശിക്കുന്നു. ഇതുമൂലം വിവിധ ആവശ്യങ്ങൾക്കായി വരുന്നവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ സ്ഥലം ഇല്ലാതായെന്നാണ് പരാതി.
പ്രധാന റോഡിൽ നിന്ന് ആലുവ സബ് ട്രഷറിയിലേക്കുള്ള ട്രഷറി റോഡിലെ അരികിലാണ് കാലഹരണപ്പെട്ട വാഹനങ്ങൾ ഉപേക്ഷിച്ചിരിക്കുന്നത്. ജയിൽ വകുപ്പിന്റെ വാഹനങ്ങളോടൊപ്പം ആലുവ പോലീസ് പിടിച്ചെടുത്ത വാഹനങ്ങളും മാസങ്ങളായി കിടന്ന് തുരുമ്പെടുക്കുകയാണ്.
ഇവിടെ ആലുവ സബ് ജയിൽ കൂടാതെ റൂറൽ ജില്ലാ സൈബർ പോലീസ് സ്റ്റേഷൻ, ആലുവ ടൗൺ പോലീസ് സ്റ്റേഷൻ എന്നിവയും പ്രവർത്തിക്കുന്നുണ്ട്. മജിസ്ട്രേറ്റ് കോടതിയുടെ പുതിയ കെട്ടിടം ഉയരുന്നതിനാൽ നിർമാണ ആവശ്യത്തിനായി വാഹനങ്ങൾ കടന്നു പോകുന്ന വഴി കൂടിയാണ്.
പ്രധാന റോഡിലും ഇത് തന്നെയായിരുന്നു സ്ഥിതി. ട്രാഫിക് പോലീസ്, ടൗൺ പോലീസ് തുടങ്ങിയവർ പിടിച്ചെടുക്കുന്ന മണൽ ലോറികൾ അടക്കമാണ് പ്രധാന റോഡിൽ ഇട്ടിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം ടാറിംഗ് നടന്നതോടെ വാഹനങ്ങൾ എല്ലാം കളമശേരിയിലെ പോലീസ് ക്യാമ്പിന് പിന്നിലേക്ക് മാറ്റി. അതേപോലെ ട്രഷറി റോഡിലെ തുരുമ്പെടുക്കുന്ന വാഹനങ്ങളും മാറ്റണമെന്നാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്.