വേങ്ങച്ചുവട്ടിൽ 220 കെവി ടവർലൈൻ പൊട്ടിവീണു
1601223
Monday, October 20, 2025 4:12 AM IST
ഒഴിവായത് വൻ ദുരന്തം
വാഴക്കുളം: 220 കെവി വൈദ്യുത ടവറിൽ നിന്ന് ലൈൻ പൊട്ടിവീണു. അപകടത്തിൽ ആർക്കും പരിക്കില്ല. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെ വേങ്ങച്ചുവട്ടിലാണ് ലൈൻ പൊട്ടിവീണത്. കൊട്ടിക്കൽ രാജൻ, സഹോദരൻ തങ്കൻ എന്നിവരുടെ വീടുകളുടെ മുകളിലാണ് വലിയ ശബ്ദത്തോടെ ലൈൻ പതിച്ചത്.
മേഖലയിൽ നിരവധി പേരുടെ പുരയിടങ്ങളിൽ ചെറിയ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്. വീടുകളുടെ മുറ്റത്തോ, പുരയിടങ്ങളിലോ ആരുമില്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവാകുകയായിരുന്നു.
വീടുകളിലേക്ക് വൈദ്യുതി എത്തിക്കുന്ന വിതരണ ലൈനുകളിൽ 220 കെവി ലൈൻ ശക്തിയോടെ വീണതു മൂലം ഏതാനും വൈദ്യുത പോസ്റ്റുകൾക്കും വിതരണ ലൈനുകൾക്കും തകരാർ ഉണ്ടായിട്ടുണ്ട്. ഇടുക്കിയിൽ നിന്ന് കളമശേരിയിലേക്ക് വൈദ്യുതി എത്തിക്കുന്ന സംവിധാനമാണിത്.
ലൈൻ പൊട്ടുമ്പോൾ തന്നെ വൈദ്യുതബന്ധം വിച്ഛേദിക്കപ്പെടുന്നതിനാൽ ഇതിലൂടെ വൈദ്യുതി പ്രസരിച്ച് അപകടമുണ്ടാകില്ലെന്ന് അധികൃതർ പറഞ്ഞു. വൈദ്യുതി സെക്ഷൻ ഓഫീസുകളിൽ വിവരമറിയിച്ച് ഇതര വൈദ്യുത ബന്ധങ്ങൾ വിഛേദിച്ചു. വൈദ്യുതി വകുപ്പ് അധികൃതർ സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.