കനത്ത മഴ: വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണു
1601225
Monday, October 20, 2025 4:12 AM IST
കല്ലൂർക്കാട്: കനത്ത മഴയിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണു, ആളപായമില്ല. കല്ലൂർക്കാട് പത്താം വാർഡ് മണിയന്ത്രം വാദ്യപിള്ളി രഞ്ജിത്തിന്റെ വീടിന്റെ മുകളിലേക്കാണ് മണ്ണിടിഞ്ഞു വീണത്.
ഇന്നലെ വൈകുന്നേരം 5.30ഓടെയായിരുന്നു സംഭവം. മഴ ശക്തമായതോടെ മണിയന്ത്രം മലയിൽനിന്ന് വെള്ളം കുത്തിയൊഴുകി വീടിന്റെ പുറകുവശത്തെ മൺതിട്ട ഇടിഞ്ഞ് അടുക്കള ഭാഗത്തേക്ക് വീഴുകയായിരുന്നു. സംഭവസമയം രഞ്ജിത്തിന്റെ ഭാര്യ ലിൻഡ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
മഴ തുടർന്നാൽ ഇനിയും മണ്ണിടിയാനുള്ള സാധ്യതയുള്ളതിനാൽ രാത്രി മറ്റൊരു വീട്ടിലേക്ക് ഇവർ മാറിയിരിക്കുകയാണ്. പ്രദേശത്തെ മറ്റു വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്.