എറണാകുളം റൂറലിൽ മയക്കുമരുന്ന് കേസുകൾ വർധിക്കുന്നു
1601239
Monday, October 20, 2025 4:26 AM IST
ആലുവ: മയക്കുമരുന്നിനെതിരെ കർശന നടപടികളും ബോധവത്കരണ പരിപാടികളുമായി റൂറൽ ജില്ലാ പോലീസ് മുന്നോട്ട് പോകുന്നുണ്ടെങ്കിലും കേസുകൾ വർധിക്കുന്നതായി റിപ്പോർട്ട്. കഴിഞ്ഞ വർഷം 750 ഗ്രാം എംഡിഎംഎ കണ്ടെടുത്തപ്പോൾ കഴിഞ്ഞ 10 മാസക്കാലയളവിൽ ഇരട്ടിയാണ് വർധന.
എറണാകുളം റൂറൽ ജില്ലയിൽ മയക്കുമരുന്നുമായി ബന്ധപ്പെട്ട് 3210 കേസുകൾ രജിസ്റ്റർ ചെയ്തു. 3398 പേരെ അറസ്റ്റ് ചെയ്തു. ഇതിൽ 19 എണ്ണം വില്പനയ്ക്കായി കൊണ്ടുവന്ന കേസുകളാണ്. കഴിഞ്ഞ വർഷം ആകെ രജിസ്റ്റർ ചെയ്തത് 2037 കേസുകളാണ്, ഇതിൽ 2217 പ്രതികളാണ് ഉണ്ടായിരുന്നത്.
എംഡിഎംഎ കൂടി
ഒന്നര കിലോഗ്രാമോളം എംഡിഎംഎയാണ് ഈ വർഷം ഇതുവരെ പിടികൂടിയത്. കഴിഞ്ഞവർഷം 750 ഗ്രാമായിരുന്നു. ഇന്നലെ നെടുമ്പാശേരിയിൽ ഐടി വിദ്യാർഥിയുടെ പക്കൽനിന്ന് കണ്ടെടുത്ത 400 ഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തതിൽ ഏറ്റവും കൂടുതൽ.
അങ്കമാലിയിൽ കാറിൽ കടത്തുന്നതിനിടെ 200 ഗ്രാം രാസലഹരി പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ബംഗളൂരുവിൽ നിന്നാണ് ലഹരി കൊണ്ടുവന്നത്. ടൂറിസ്റ്റ് ബസിൽ കടത്തിയ 200 ഗ്രാം എംഡിഎംഎയും അങ്കമാലിയിൽ വച്ച് പിടികൂടിയിരുന്നു.
142 ഗ്രാം മെത്താഫിറ്റാമിൻ, രണ്ട് കിലോ ഹാഷിഷ് ഓയിൽ, 600 ഗ്രാം ഹെറോയിൻ എന്നിവയും ഈ വർഷം പിടികൂടി. ആറ് കഞ്ചാവ് ചെടികൾ കണ്ടെടുത്തു. അഞ്ച് എൽഎസ്ഡി സ്റ്റാമ്പുകളും, 36 നൈട്രാസെപാം ഗുളികകളും പിടികൂടിയവയിൽപ്പെടുന്നു. പിറ്റ് എൻഡിപിഎസ് ആക്ട് പ്രകാരം നാല് മയക്കുമരുന്ന് വ്യാപാരികളെ കരുതൽ തടങ്കലിൽ അടച്ചു.
ട്രെയിൻ മാർഗം കഞ്ചാവ്; വില 25,000 മുതൽ 30,000 വരെ
റൂറൽ ജില്ലാ പോലീസ് മേധാവി എം. ഹേമലതയുടെ നേതൃത്വത്തിൽ ഇതുവരെ നടത്തിയ പരിശോധനകളിൽ 475 കിലോഗ്രാം കഞ്ചാവാണ് പിടികൂടിയത്. കഴിഞ്ഞവർഷം 270 കിലോയാണ് പിടികൂടിയത്. ഇതിൽ 90 കിലോഗ്രാം കഞ്ചാവ് തടിയിട്ട്പറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നാണ് പിടികൂടിയത്. മൂന്നു പേരാണ് ഇതുമായി ബന്ധപ്പെട്ട് പിടിയിലായത്.
രണ്ട് കേസുകളിലായി 60 കിലോ കഞ്ചാവ് കാലടി പോലീസ് സ്റ്റേഷൻ അതിർത്തിയിൽ നിന്ന് പിടികൂടി. രണ്ടു കേസുകളിലായി അഞ്ച് ഇതരസംസ്ഥാന തൊഴിലാളികളെ അറസ്റ്റ് ചെയ്തു. സൈക്കിൾ പമ്പിൽ കടത്തിയ 24 കിലോ കഞ്ചാവ് നെടുമ്പാശേരിയിൽ നിന്ന് പിടികൂടിയിരുന്നു. അന്തർസംസ്ഥാന ബന്ധമുള്ള കടത്തുകാരെയാണ് ഇതു മായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്. 18 കിലോ കഞ്ചാവ് കുറുപ്പംപടിയിൽ നിന്നും 12 കിലോ കഞ്ചാവ് പെരുമ്പാവൂരിൽ നിന്നും പിടികൂടിയിരുന്നു.
ഒഡീഷയിൽ നിന്നും ആന്ധ്രയിൽ നിന്നും ആണ് കേരളത്തിലേക്ക് കൂടുതലായി കഞ്ചാവ് എത്തുന്നത്. ഇതരസംസ്ഥാന തൊഴിലാളികളുടെ കടത്തിന് നേതൃത്വം നല്കുന്നത്.
കിലോയ്ക്ക് 2000 മുതൽ 3000 രൂപ വരെ നൽകി കഞ്ചാവ് വാങ്ങി ഇവിടെ 25,000, 30,000 രൂപ നിരക്കിലാണ് വിൽക്കുന്നത്. ട്രെയിൻ മാർഗമാണ് കഞ്ചാവ് എത്തിക്കുന്നത്. ആഡംബര കാറുകളിൽ കഞ്ചാവ് കടത്തിയ മൂന്ന് ടീമിനെ റൂറൽ ജില്ലയിൽ ഈ വർഷം പിടികൂടി.