ജോണി വൈപ്പിന്‍ 14ന് അവാർഡ് സമ്മാനിക്കും
1601237
Monday, October 20, 2025 4:26 AM IST
വൈപ്പിൻ: ഈ വർഷത്തെ മികച്ച സാമൂഹ്യപ്രവർത്തകനുള്ള സർവോദയം കുര്യൻ അവാർഡ് നേടിയ ഫോർട്ട്വൈപ്പിൻ സ്വദേശി ജോണി വൈപ്പിന്‍ അടുത്ത 14ന് നടക്കുന്ന സർവോദയം കുര്യന്റെ 26 -ാം അനുസ്മരണ സമ്മേളനത്തിൽ പുരസ്കാരം സമ്മാനിക്കുമെന്ന് ട്രസ്റ്റ് പ്രസിഡന്റ് പോൾ ജെ. മാമ്പിള്ളി അറിയിച്ചു.
ഞാറക്കൽ മഞ്ഞുരാൻ സെന്ററിൽ വച്ച് നടക്കുന്ന ചടങ്ങിൽ കെപിസിസി നിർവാഹക സമിതി അംഗം കെ.പി. ഹരിദാസ് അവാർഡ് സമ്മാനിക്കും. പൊതുപ്രവർത്തനത്തിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും ഒരേപോലെ തിളങ്ങുന്ന വ്യക്തി എന്ന നിലയിലാണ് ജോണിയെ അവാർഡിന് തെരഞ്ഞെടുത്തത്.
ഒരു ലക്ഷം രൂപയും, ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. അറുന്നൂറോളം അനാഥ ശിശുക്കളുടെ രക്ഷകനും അവശരുടെയും ആലംബഹീനരുടെയും അത്താണി ആയിരുന്ന ഞാറക്കൽ സ്വദേശിയായ സർവോദയം കുര്യന്റെ പേരിൽ സർവോദയം കുര്യൻ സ്മാരക ട്രസ്റ്റ് ആണ് അവാർഡ് ഏർപ്പെടുത്തിയിട്ടുള്ളത്.