യുവതിയുടെ മൃതദേഹം പെരിയാറ്റിൽ കണ്ടെത്തി
1418130
Monday, April 22, 2024 10:37 PM IST
വരാപ്പുഴ: യുവതിയെ പെരിയാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. വരാപ്പുഴ കാരിക്കാട്ടുത്തുരുത്ത് വാടയ്ക്കൽ ജോസഫ് ലൂയിസിന്റെ മകൾ ലിസ്റ്റ് (27) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചരയോടെ വട്ടപ്പോട്ട വൈദ്യൻ കടവിലാണ് മൃതദേഹം കണ്ടെത്തിയത്.
ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് ലിസ്റ്റ് വീട്ടിൽ നിന്ന് സ്കൂട്ടറിൽ പുറത്തേക്കു പോയത്. പിന്നീട് വൈദ്യൻ കടവിൽ സ്കൂട്ടറും ചെരുപ്പും കണ്ടതോടെ നാട്ടുകാർ വരാപ്പുഴ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
ഏലൂരിൽ നിന്നുള്ള അഗ്നിരക്ഷാ സേനയും മുങ്ങൽ വിദഗ്ധരുമെത്തി നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ബിഎഡ് ബിരുദധാരിയാണ്. പ്രഥമദൃഷ്ട്യാ മരണത്തിൽ ദുരൂഹതകളില്ലെന്ന് പോലീസ് പറഞ്ഞു. മൃതദേഹം മേൽനടപടികൾക്കു പറവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അമ്മ: മേരി മിനി ലൂയിസ്. സഹോദരങ്ങൾ: സാനിയ, ലിസാൻ.