തൃപ്പൂണിത്തുറ മണ്ഡലത്തില്‍ ഹൈബിയുടെ വാഹനപ്രചാരണം
1417135
Thursday, April 18, 2024 5:03 AM IST
കൊച്ചി: തൃപ്പൂണിത്തുറ നിയോജക മണ്ഡലത്തിലെ കുമ്പളം, ഇടക്കൊച്ചി, പള്ളുരുത്തി മേഖലകളിലായിരുന്നു എറണാകുളം ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി ഹൈബി ഈഡന്റെ വാഹനപ്രചാരണം. കുമ്പളം മണ്ഡലത്തില്‍ ആരംഭിച്ച സ്വീകരണ പരിപാടികള്‍ ഇടക്കൊച്ചിയും പള്ളുരുത്തി സെന്‍ട്രലും പിന്നിട്ട് കച്ചേരിപ്പടിയിലാണ് സമാപിച്ചത്.
രാവിലെ ചാത്തമ്മ അറയ്ക്കല്‍ ജംഗ്ഷനില്‍ കെ.ബാബു എംഎല്‍എയാണ് ഇന്നലെ സ്വീകരണ പരിപാടികള്‍ ഉദ്ഘാടനം ചെയ്തത്. തുടര്‍ന്ന് ചേപ്പനം സൗത്ത് കോളനിയിലെത്തിയ ഹൈബിയെ കോളനിനിവാസികള്‍ ആവേശപൂര്‍വം വരവേറ്റു. സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ ഹൈബി ഈഡനെ സ്വീകരിക്കാനെത്തി.
പെരുമ്പടപ്പ് ബസ് സ്റ്റാൻഡ് പരിസരത്താണ് ഉച്ച വരെയുള്ള പര്യടനം സമാപിച്ചത്. വൈകിട്ട് പള്ളുരുത്തി സെന്‍ട്രല്‍ മണ്ഡലം കമ്മിറ്റിയുടെ സ്വീകരണ പരിപാടികള്‍ ബിന്നിക്കമ്പനി റോഡില്‍ നിന്നാണ് ആരംഭിച്ചത്. വ്യാസപുരം കോളനി, തങ്ങള്‍ നഗര്‍, നമ്പ്യാപുരം എന്നിവിടങ്ങളിലെല്ലാം വലിയ വരവേല്‍പ്പാണ് ഹൈബിക്ക് ജനങ്ങള്‍ നല്‍കിയത്.
കച്ചേരിപ്പടി മണ്ഡലത്തില്‍ കല്ലുച്ചിറയില് നിന്നാരംഭിച്ച് പത്തോളം സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി വാഹന പര്യടനം കച്ചേരിപ്പടി ജംഗ്ഷനില്‍ സമാപിച്ചു. പര്യടനത്തിനുശേഷം അന്തരിച്ച സംഗീതജ്ഞന് ജയന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ട് അനുശോചനം അറിയിച്ചു.