കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ
1417134
Thursday, April 18, 2024 4:52 AM IST
കിഴക്കമ്പലം: 800 ഗ്രാം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. ഒഡീഷ ഖട്ടക്ക് സ്വദേശി ചന്ദൻ കുമാർ സമലിനെ (24) യാണ് കുന്നത്തുനാട് പോലീസ് പിടികൂടിയത്. ഇതര സംസ്ഥാന തൊഴിലാളികൾക്കും മലയാളികളായ യുവാക്കൾക്കുമാണ് കഞ്ചാവ് വിൽപ്പന നടത്തിയിരുന്നത്.
ഐരാപുരം ഭാഗത്തുള്ള വീട് കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടത്തിവരികയായിരുന്നു. ഒറീസയിൽ നിന്ന് ട്രെയിൻ മാർഗം എത്തിക്കുന്ന കഞ്ചാവ് ചെറിയ പാക്കറ്റുകളിലാക്കിയാണ് കച്ചവടം. രഹസ്യ വിവരത്തെതുടർന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു പ്രതി.
കഴിഞ്ഞ ദിവസങ്ങളിൽ പെരുമ്പാവൂർ പോലീസ് സ്റ്റേഷൻ പരിധിയിൽനിന്ന് 21 ഗ്രാം ഹെറോയിൻ, 350 ഗ്രാം കഞ്ചാവ് എന്നിവ പിടികൂടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് നാല് ഇതര സംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെ അഞ്ചു പേരെ പോലീസ് അറസ്റ്റ് ചെയ്തു.
ഡാൻസാഫ് ടീമിനെക്കൂടാതെ സ്റ്റേഷനുകൾ കേന്ദ്രീകരിച്ചും പ്രത്യേക പോലീസ് പ്രവർത്തിക്കുന്നുണ്ട്. നേരത്തെ കേസിൽ ഉൾപ്പെട്ടവരും മയക്കുമരുന്ന് ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയവരും ഉപയോഗിക്കുന്നവരും പോലീസ് നിരീക്ഷണത്തിലാണ്.