വഴിയോര ശീതളപാനീയ സ്റ്റാളുകളിൽ റെയ്ഡ്: നാലു സ്ഥാപനങ്ങൾക്ക് നോട്ടീസ്
1416899
Wednesday, April 17, 2024 4:29 AM IST
ആലുവ: കീഴ്മാട് ഗ്രാമപഞ്ചായത്തിൽ 14 വഴിയോര ശീതള പാനീയശാലകളിൽ ആരോഗ്യ വകുപ്പ് ശുചിത്വ പരിശോധന നടത്തി. മൂന്നു സ്ഥാപനങ്ങൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. ശീതള പാനീയ വില്പന സ്റ്റാളുകൾ, കരിക്ക്, കരിമ്പ് ജ്യൂസ്, പൊട്ടുവെള്ളരി, തണ്ണി മത്തൻ വിതരണ സ്ഥാപനങ്ങൾ, ബേക്കറി, ഹോട്ടൽ എന്നിവയാണ് പരിശോധിച്ചത്.
ഉപയോഗിക്കുന്ന കുടിവെള്ളം, ഐസ് കട്ടകളുടെ ഗുണനിലവാരം എന്നിവ വിലയിരുത്തി. ശീതളപാനീയങ്ങൾ, ഐസ്, നാരങ്ങ തുടങ്ങിയവ സൂക്ഷിക്കുന്ന ഫ്രിഡ്ജ്, ഫ്രീസർ, അലമാര എന്നിവയിലും പരിശോധന നടത്തി. ഗുണനിലവാരമില്ലാത്ത ഐസ് ഉപയോഗിച്ചതിന് കഴിഞ്ഞ മാസവും ചില സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകിയിരുന്നു.
കീഴ്മാട് കുടുംബരോഗ്യകേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ എം.ഐ. സിറാജ്, ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടമാരായ എം.എം. സക്കീർ, എം.ബി. സബ്ന എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. തുടർദിവസങ്ങളിൽ പരിശോധന ശക്തമാക്കുമെന്ന് ഹെൽത്ത് ഇൻസ്പെക്ടർ അറിയിച്ചു.