മെമ്മറി കാര്‍ഡ് പരിശോധിച്ച കേസ് : സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ ദിലീപിന്റെ അപ്പീല്‍
1416664
Tuesday, April 16, 2024 5:54 AM IST
കൊച്ചി: നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസിലെ മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ച കേസിലെ അന്വേഷണ റിപ്പോര്‍ട്ടിലെ സാക്ഷി മൊഴിപ്പകര്‍പ്പ് അതിജീവിതയ്ക്ക് നല്‍കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ എട്ടാംപ്രതി ദിലീപ് അപ്പീല്‍ നല്കി.
ഹൈക്കോടതി ഡിവിഷന് ബെഞ്ചിലാണ് ദിലീപ് അപ്പീല്‍ നല്‍കിയത്. മൊഴിപ്പകര്‍പ്പ് നല്‍കുന്നത് നിയമവിരുദ്ധമാണ്. തീര്‍പ്പാക്കിയ ഹര്‍ജിയിലാണ് മെമ്മറി കാര്‍ഡ് പരിശോധനയിലെ അന്വേഷണത്തിന്റെ മൊഴി പകര്‍പ്പ് നല്കാന് സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടത്. ഈ ഉത്തരവ് നിയമപരമല്ല എന്നാണ് ദിലീപിന്റെ വാദം. ജസ്റ്റീസ് നാഗരേഷ്, ജസ്റ്റീസ് പി.എം. മനോജ് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് ഇന്ന് ഹര്‍ജി പരിഗണിക്കും.
മെമ്മറി കാര്‍ഡ് പരിശോധിച്ചത് അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ട് നടി നല്കിയ ഹര്‍ജി സിംഗിള്‍ ബെഞ്ച് നേരത്തെ തീര്‍പ്പാക്കിയിരുന്നു. സെഷന്‍സ് കോടതിയോട് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം എന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി തീര്‍പ്പാക്കിയത്.
ജഡ്ജി ഹണി എം. വര്‍ഗീസ് ഇതില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. ഈ അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും പ്രത്യേക ടീം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണ് നടി വീണ്ടും കോടതിയെ സമീപിച്ചത്.
റിപ്പോര്‍ട്ടിനൊപ്പം സാക്ഷിമൊഴികളുടെ പകര്‍പ്പും നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
സാക്ഷിമൊഴികളുടെ പകര്‍പ്പ് അതിജീവിതയ്ക്ക് നല്‍കാതിരിക്കാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി ഹര്‍ജി നിലനില്‍ക്കുമോയെന്ന കാര്യത്തില്‍ പിന്നീട് വാദം നടത്താമെന്ന് വ്യക്തമാക്കിയിരുന്നു.