ഹൈബിയുടെ പ്രചാരണം ആസ്വദിച്ച് വിദേശ വിനോദ സഞ്ചാരികള്‍
1416653
Tuesday, April 16, 2024 5:40 AM IST
കൊച്ചി: ഫോര്‍ട്ടുകൊച്ചി, മട്ടാഞ്ചേരി മേഖലയിലായിരുന്നു എറണാകുളം ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി ഹൈബി ഈഡന്റെ സ്വീകരണ പരിപാടികള്‍. രാവിലെ സൗത്ത് മൂലങ്കുഴിയില്‍ നിന്ന് വാഹന പര്യടനം ആരംഭിച്ചു. ഫോര്‍ട്ട് കൊച്ചിയില്‍ സ്വീകരണ പരിപാടികള്‍ക്കിടെ കൗതുകത്തോടെ എത്തിയ വിദേശ വിനോദ സഞ്ചാരികള്‍ക്കും ഹൈബിയെ കണ്ടപ്പോള്‍ ആവേശമായി.
തെരഞ്ഞെടുപ്പ് രീതികളെക്കുറിച്ചും പ്രചാരണത്തെക്കുറിച്ചുമൊക്കെ അവര്‍ ഹൈബിയോട് ചോദിച്ചറിഞ്ഞു. പ്രചാരണ തിരക്കിനിടയിലും അവരുടെ സംശയങ്ങള്‍ക്ക് ഹൈബി മറുപടി നല്കി. ഷാള്‍ അണിയിച്ച് ഹൈബി വിനോദസഞ്ചാരികളെ കൊച്ചിയിലേക്ക് സ്വാഗതം ചെയ്തു. തുടര്‍ന്ന് ഡോബിഘാനയിലെത്തിയ ഹൈബി ഈഡന് അവരുടെ പരാതികള്‍ കേട്ടു. വിശേഷങ്ങള്‍ പങ്കുവച്ചും പരിഹാരങ്ങള്‍ നിര്‍ദേശിച്ചും ഹൈബി ഏറെ സമയം അവര്‍ക്കൊപ്പം ചെലവഴിച്ചു.
ഹോസ്പിറ്റല്‍ റോഡിലാണ് ഉച്ച വരെയുള്ള സ്വീകരണ പരിപാടികള്‍ സമാപിച്ചത്. വൈകിട്ട് ചുള്ളിക്കല്‍ ജംഗ്ഷനില്‍ നിന്നാരംഭിച്ച സ്വീകരണ പരിപാടികള്‍ എഴുപതോളം കേന്ദ്രങ്ങളിലെ സ്വീകരണമേറ്റു വാങ്ങി ഉബൈദ് റോഡില്‍ സമാപിച്ചു. തോപ്പുംപടിയില്‍ നൂറുകണക്കിന് നാട്ടുകാരാണ് സ്ഥാനാർഥിയെ സ്വീകരിക്കാനെത്തിയത്.