കാട്ടാനയെ കിണറിടിച്ച് കാടുകടത്തിയ സംഭവം: വനംവകുപ്പ് നടപടി വിവാദത്തിലേക്ക്
1416265
Sunday, April 14, 2024 4:25 AM IST
കോതമംഗലം: കോട്ടപ്പടി പഞ്ചായത്തിലെ മുട്ടത്തുപാറയില് കിണറ്റില്‍ വീണ കാട്ടാനയെ മയക്കുവെടി വച്ച് കൊണ്ടുപോകുമെന്ന പ്രഖ്യാപനത്തിന് വിരുദ്ധമായി കിണറിന്റെ വശമിടിച്ച് കരകയറ്റി കാടുകടത്തി വിട്ട വനംവകുപ്പ് നടപടി വിവാദത്തിലേക്ക്. എംഎൽഎമാരായ ആന്റണി ജോണ്‍, എൽദോസ് കുന്നപ്പിള്ളി എന്നിവരുടെ നേതൃത്വത്തിൽ ചേര്‍ന്ന തീരുമാനത്തിന് വിരുദ്ധമായിരുന്നു നടപടിയെന്നാണ് ആരോപണം.
പ്രദേശവാസികളേയും മറ്റ് ജനപ്രതിനിധികളേയും കബളിപ്പിക്കുന്നതാണ് വനം വകുപ്പ് നടപടിയെന്നാണ് ആരോപണവുമായി ജനപ്രതിനിധികളടക്കം രംഗത്തെത്തി. മയക്കുവെടി വെച്ച് ആനയെ പുറത്തെത്തിക്കാനുള്ള തീരുമാനത്തിനു വിരുദ്ധമായി വനംവകുപ്പ് തന്ത്രപരമായി ആനയെ കിണറില്‍നിന്ന് പുറത്തുകടത്തുകയായിരുന്നുവെന്നാണ് ആക്ഷേപം.
ആളുകൾ പിരിഞ്ഞുപോയതിനു പിന്നാലെ യാതൊരു സുരക്ഷാ നടപടികളും എടുക്കാതെ കിണർ പൊളിച്ച് ആനയെ കര കയറ്റുകയാണ് ചെയ്തതെന്നും ജനപ്രതിനിധികളെ വിശ്വസിച്ച ആളുകളെ ചതിക്കുകയാണ് ഉദ്യോഗസ്ഥ രാഷ്ട്രീയ നേതൃത്വം ചെയ്തതെന്ന് നാട്ടുകാരും ആരോപിക്കുന്നു.
15 മണിക്കൂര്‍ കിണറ്റില്‍ കിടന്ന ആന അവശനായെന്ന അടിയന്തര സാഹചര്യം പരിഗണിച്ചാണ് ഈ തീരുമാനമെന്നാണ് ഡിഎഫ്ഒ പറയുന്നത്. സാഹചര്യം വിശദമാക്കി മലയാറ്റൂര്‍ ഡിഎഫ്ഒ പത്രക്കുറിപ്പും ഇറക്കി. മയക്കുവെടി വയ്ക്കുന്നതിന് മുന്നോടിയായി കിണര്‍ വറ്റിക്കാന്‍ പമ്പ് സെറ്റിന്റെ പൈപ്പ് ഇട്ടപ്പോൾ ആന വലിച്ചതു മൂലം വെള്ളം വറ്റിക്കുന്നത് ഉപേക്ഷിക്കേണ്ടി വന്നു.
മയക്കുവെടി വയ്ക്കുന്നതിന് കപ്രിക്കാട് അഭയാരണ്യം അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്ററിനറി ഓഫീസര്‍, പുതൂര്‍ ബയോളജിക്കല്‍ പാര്‍ക്ക് വെറ്ററിനറി ഓഫീസര്‍, പാലക്കാട്നിന്നുള്ള ദ്രുതകര്‍മ സേനാംഗങ്ങള്‍ എന്നിവര്‍ക്കൊപ്പം ലോറിയും ക്രെയിനും ആവശ്യമായ സജ്ജീകരണത്തോടെ സ്ഥലത്തുണ്ടായിരുന്നു. ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് നാല് വാര്‍ഡില്‍ 144ഉം പ്രഖ്യാപിച്ചു.
സമയം വൈകുന്നത് ആനയുടെ ജീവന് ഭീഷണിയാകുമെന്നതു കണക്കിലെടുത്താണ് മയക്കുവെടി വച്ച് ആനയെ പിടികൂടുന്ന ദൗത്യം ഉപേക്ഷിക്കേണ്ടിവന്നത്. സ്ഥലത്തുണ്ടായിരുന്ന ആര്‍ഡിഒ, ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍, മലയാറ്റൂര്‍ ഡിഎഫ്ഒ, പഞ്ചായത്ത് ജനപ്രതിനിധികള്‍ എന്നിവരുമായി കൂടിയാലോചിച്ചാണ് കിണറിന്റെ വശമിടിച്ച് ആനയെ കരയ്ക്ക് കയറ്റാന്‍ തീരുമാനിച്ചതെന്നാണ് മലയാറ്റൂര്‍ ഡിഎഫ്ഒ പത്രക്കുറിപ്പിലൂടെ അറിയിച്ചത്.
ഇതിന്റെ അടിസ്ഥാനത്തില്‍ ആനയെ കരയ്ക്കെത്തിച്ച് ജനങ്ങളുടെ ജീവനോ സ്വത്തിനോ നാശനഷ്ടം ഉണ്ടാക്കാതെ വനത്തിലേക്ക് തിരികെ വിട്ടു. ആന വനത്തില്‍ കയറിയതായി ഉറപ്പ് വരുത്തിയ ശേഷം മാത്രമാണ് വനപാലകരും പോലീസും സ്ഥലത്ത് നിന്നു പോയതും. പ്രത്യേക ദൗത്യ സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്ത് നിരീക്ഷണവും നടത്തുന്നു എന്നും ഡിഎഫ്ഒയുടെ പത്രക്കുറിപ്പിലുണ്ട്.
മയക്കുവെടിവച്ച് ആനയെ കൊണ്ടുപോകാനാണ് യോഗത്തിലെടുത്ത തീരുമാനമെന്ന് പഞ്ചായത്ത് പ്രസിഡന്റ് മിനി ഗോപി പറഞ്ഞു. വൈകിട്ട് മഴ പെയ്തപ്പോള്‍ പുരയിടത്തിലെ വീട്ടിലേക്ക് കയറിനിന്ന സമയത്തിനിടെയാണ് മണ്ണിടിച്ച് ആനയെ കയറ്റിവിട്ടത്. ഇത് പഞ്ചായത്തിന്റെ കൂടെ അറിവോടെയാണെന്ന ആരോപണം പ്രസിഡന്റ് നിഷേധിച്ചു.
ജനങ്ങള്‍ക്ക് നല്കിയ ഉറപ്പ് ലംഘിച്ച് മറ്റൊരു തീരുമാനം നടപ്പാക്കിയ വനംവകുപ്പ് നടപടി വളരെ മോശമായിപ്പോയെന്നും അവര്‍ വ്യക്തമാക്കി. മലയാറ്റൂര്‍ ഡിഎഫ്ഒയുടെ വാദം ശുദ്ധ നുണയാണെന്ന് വാര്‍ഡ് മെമ്പര്‍ സന്തോഷ് അയ്യപ്പനും ആരോപിച്ചു.
കാട്ടാനയെ മയക്കുവെടി വച്ച് പിടിച്ച് വനത്തില്‍ തുറന്നുവിടാനാണ് എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചത്. ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചതായും വാര്‍ഡ് മെമ്പര്‍ പറഞ്ഞു.
നടപടി വേണമെന്ന് എംഎൽഎ
കോതമംഗലം: കോട്ടപ്പടിയിൽ കാട്ടാനയെ നാട്ടിൽ തുറന്നുവിടാൻ ഇടയാക്കിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്ന് എൽദോസ് കുന്നപ്പള്ളി എംഎൽഎ വകുപ്പ് മന്ത്രിക്ക് അയച്ച പരാതിയിൽ ആവശ്യപ്പെട്ടു.
ആനയെ മയക്കുവെടിവച്ച് ക്രെയിൻ ഉപയോഗിച്ച് ഉയർത്തി പിടികൂടി കാട്ടിൽ കയറ്റിവിടാൻ ജനപ്രതിനിധികൾ കൂടിച്ചേർന്നെടുത്ത തീരുമാനം നടപ്പാക്കാതെ പോയത് പ്രകോപനപരമാണ്. ജനപ്രതിനിധികളുടെ സാന്നിധ്യത്തിലെടുത്ത തീരുമാനം മന്ത്രിയുടെ അറിവോടെയാണോ അട്ടിമറിച്ചതെന്ന് വിശദമാക്കണം.
രാഷ്ട്രീയ മുതലെടുപ്പ് നടത്താതെ സമവായത്തിനാണ് ശ്രമിച്ചത്. യോഗ തീരുമാനങ്ങൾ ജില്ലാ കളക്ടർ വഴി തത്സമയം വനം മന്ത്രിയെ അറിയിക്കുകയും ചെയ്തു. അപകടം ഒഴിവാക്കാനായി നിരോധനാജ്ഞ നടപ്പാക്കിയിട്ട് അതിന്റെ മറവിൽ ആനയെ ലാഘവത്തോടെ തുറന്നുവിടാൻ ഇടയായ വനംവകുപ്പിന്റെ നടപടി പ്രതിഷേധാർഹമാണെന്നും എംഎൽഎ പറഞ്ഞു.
ഉദ്യോഗസ്ഥ - രാഷ്ട്രീയ ഒത്തുകളിയെന്നു കിഫ
കോതമംഗലം: കോട്ടപ്പടിയിൽ കിണറ്റിൽ വീണ ആനയെ ജനവാസ മേഖലയിലേക്കു കയറ്റിവിട്ടതുമായി ബന്ധപ്പെട്ട് ജനപ്രതിനിധികളും, ആർ ഡി ഒ അടക്കമുള്ള സർക്കാർ ഉദ്യോഗസ്ഥന്മാരും കാണിച്ചതു കൊടിയ വഞ്ചനയെന്നു കിഫ എറണാകുളം ജില്ലാ കമ്മിറ്റി. വിഷയത്തിൽ ഉദ്യോഗസ്ഥ - രാഷ്ട്രീയ ഒത്തുകളിയാണു നടന്നത്.
നാട്ടുകാർ കാണിച്ച സഹകരണത്തിനും, അവരുടെ ആത്മാർഥതക്കും പുല്ലു കൽപ്പിച്ചാണു വൈകുന്നേരം മഴയുടെ മറവിൽ ആനയെ ജനവാസ മേഖലയിലേക്കു കയറ്റിവിട്ടത്. എംഎൽഎമാർ കാണിച്ച വഞ്ചനയ്ക്ക് മാപ്പുപറയണം.
മേലിൽ ഉണ്ടാകുന്ന ഇത്തരം പ്രതിസന്ധികളിൽ വനം വകുപ്പിനെയും ജനപ്രതിനികളെയും വിശ്വാസത്തിലെടുക്കാതെ കർഷക പക്ഷത്തുനിന്ന് ശക്തമായ പ്രതിരോധം തീർക്കുമെന്നും കിഫ ജില്ലാ പ്രസിഡന്റ് സിജുമോൻ ഫ്രാൻസിസ് പറഞ്ഞു.