തെരുവുനായ്ക്കളുടെ ആക്രമണത്തിൽ പോലീസ് ഉദ്യോഗസ്ഥനു ഗുരുതര പരിക്ക്
1416163
Saturday, April 13, 2024 4:20 AM IST
തൃപ്പൂണിത്തുറ: കേസ് അന്വേഷണത്തിന് എത്തിയ പോലീസ് ഉദ്യോഗസ്ഥന് തെരുവുനായ്ക്കളുടെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റു. തൃപ്പൂണിത്തുറ ഹിൽപാലസ് പോലീസ് സ്റ്റേഷനിലെ എസ്ഐ എസ്. രാജീവ് നാഥിനാണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ട് 5.30ഓടെയായിരുന്നു സംഭവം.
തെരുവുനായ്ക്കളെ വീട്ടിൽ സംരക്ഷിക്കുന്ന ചാത്താരിയിലുള്ള ഒരു സ്ത്രീയുടെ പരാതി സംബന്ധിച്ചുള്ള അന്വേഷണത്തിനായി അവർ താമസിക്കുന്ന വീടിനു സമീപമെത്തിയപ്പോഴാണ് നായ്ക്കളുടെ ആക്രമണം. സ്ത്രീ ഗേറ്റ് കടന്നെത്തിയപ്പോഴേക്കും വീട്ടുവളപ്പിലുണ്ടായിരുന്ന 30ഓളം നായ്ക്കൾ ഗേറ്റിനിടയിലൂടെ പുറത്ത് ചാടി എസ്ഐയെ കൂട്ടമായി ആക്രമിക്കുകയായിരുന്നു.
ബൈക്കിൽ ഇരിക്കുകയായിരുന്ന എസ്ഐയുടെ ഇരുകാലുകളിലും നായ്ക്കൾ കടിച്ചു. അവിടെ നിന്നും ഓടി രക്ഷപ്പെട്ട എസ്ഐ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലും തുടർന്ന് കളമശേരി മെഡിക്കൽ കോളജിലും ചികിത്സ തേടി.