16 വാഹനങ്ങൾക്ക് ഒരേ റീഡിംഗ്: പുക പരിശോധന കേന്ദ്രത്തിന്റെ ലൈസൻസ് റദ്ദാക്കി
1416155
Saturday, April 13, 2024 4:08 AM IST
കാക്കനാട്: പുകപരിശോധനയിൽ എല്ലാ വാഹനങ്ങൾക്കും ഒരേ റീഡിംഗ് നൽകിയ പരിശോധനാ കേന്ദ്രത്തിന്റെ ലൈസൻസ് ആർടിഒ താത്കാലികമായി റദ്ദാക്കി. കൊച്ചിയിലെ പച്ചാളം ട്രേഡേഴ്സ് എന്ന സ്ഥാപനത്തിന്റെ ലൈസൻസ് ആണ് ആറ് മാസത്തേക്ക് സസ്പെൻഡ് ചെയ്തത്.
എറണാകുളം മോട്ടോർ വാഹന വകുപ്പിന്റെ കീഴിൽ നടത്തിയ പരിശോധനയിൽ ഒരേ സ്ഥാപനത്തിൽനിന്ന് പുക പരിശോധന നടത്തിയ 16 വാഹനങ്ങൾക്ക് ലഭിച്ച സർട്ടിഫിക്കറ്റിൽ ഒരേ റീഡിംഗ് അടയാളപ്പെടുത്തിയതായി കണ്ടു.
തുടർന്ന് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എ.ആർ. രാജേഷിന്റെ നേതൃത്വത്തിൽ സ്ഥാപനത്തിൽ നടന്ന പരിശോധനയിലാണ് ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയത്. പുകപരിശോധനക്ക് യോഗ്യരായ തൊഴിലാളികൾ സ്ഥാപനത്തിലുണ്ടായിരുന്നില്ല.
പുക പരിശോധന കേന്ദ്രത്തിനൊപ്പം ടയർ ഇൻഷ്വറൻസ് ഷോപ്പുകളും പ്രവർത്തിച്ചിരുന്നതായി കണ്ടെത്തി. തുടർന്ന് പുക പരിശോധന കേന്ദ്രം ഉടമയുടെ വിശദീകരണം കേട്ടെങ്കിലും തൃപ്തികരമല്ലാത്തതിനെത്തുടർന്നാണ് മോട്ടോർ വാഹന വകുപ്പ് ഓഫീസർ കെ. മനോജ് നടപടിയെടുത്തത് .