ചെറായി ദേവസ്വം നടയിൽ പടക്ക വിപണി ഉണർന്നു
1415945
Friday, April 12, 2024 4:34 AM IST
വൈപ്പിൻ: ജില്ലയിലെ അറിയപ്പെടുന്ന പടക്ക വ്യാപാര മേഖലയായ ചെറായിയിൽ വിഷുപ്പടക്ക വിപണി ഉണർന്നു. വിഷു ദിനം വരെ പടക്കങ്ങൾ വാങ്ങാൻ ചെറായിലേക്ക് ജനം ഒഴുകിയെത്തും. കമ്പിത്തിരി, ചക്രം, മത്താപ്പ്, മേശപ്പൂ ഇനങ്ങളും ചൈനീസ് ഫാൻസി ഇനങ്ങളായ ഡ്രോൺ, ഹെലികോപ്ടർ, ബട്ടർ ഫ്ലൈസ് , റിവോൾവിംഗ് കമ്പിത്തിരി, കേസിവീൽ , ക്രാന്തി തുടങ്ങിയവയും വിഷു വിപണിയിലുണ്ട്.
കൂടാതെ വീട് പൂരപ്പറമ്പാക്കി മാറ്റാൻ പോന്ന അപകട രഹിതമായ ചൈനീസ് മോഡൽ സ്കൈ ഷോട്ടുകളുടെ ശേഖരം വേറെയുമുണ്ട്. ഗുണ നിലവാരമുള്ള പടക്കങ്ങൾ ഫാക്ടറിയിൽ നിന്ന് ഫാക്ടറി വിലയ്ക്ക് എന്നതാണ് ചെറായിലെ പടക്ക വ്യാപാരികളുടെ മുദ്രാവാക്യം.
വ്യാപാരികൾ തമ്മിലുള്ള കിടമത്സരമാണ് ചെറായിലെ പടക്ക വിപണി വിലക്കുറവിന്റെ വിപണിയാക്കി മാറിയതെന്ന് പടക്ക നിർമാണ വിപണന രംഗത്തെ പ്രമുഖ സ്ഥാപനമായ ചന്ദ്രാ ഫയർ വർക്സ് മാനേജിംഗ് പാർട്ണർ ഒ.സി. സൈജു പറയുന്നു.