ഇതരസംസ്ഥാന തൊഴിലാളികള്‍ വോട്ട് ചെയ്യാൻ നാട്ടിലേക്ക്: നിര്‍മാണ മേഖലയിലടക്കം തൊഴിലാളി ക്ഷാമം
1415931
Friday, April 12, 2024 4:20 AM IST
കൊച്ചി: തെരഞ്ഞെടുപ്പ് അടുത്തതോടെ ജില്ലയിലെ ഇതരസംസ്ഥാന തൊഴിലാളികളില്‍ നല്ലൊരുവിഭാഗം നാട്ടിലേക്ക് തിരിച്ചുതുടങ്ങി. ഇതോടെ ഇവരെ മാത്രം ആശ്രയിച്ച് മുന്നോട്ട് പോയിരുന്ന വിവിധ മേഖലകൾ സ്തംഭനാവസ്ഥയിലായി.
ജില്ലയില്‍ ഏറ്റവുമധികം ഇതരസംസ്ഥാന തൊഴിലാളികളുള്ള പെരുമ്പാവൂരിലാണ് കൂടുതല്‍ വ്യവസായങ്ങളും പ്രതിസന്ധിയിലായത്. ബംഗാള്‍, ബീഹാര്‍, ഒഡീഷ, അസം എന്നീ സംസ്ഥാനങ്ങളിലെ തൊഴിലാളികളാണ് നാട്ടിലേക്ക് മടങ്ങുന്നവരില്‍ ഭൂരിഭാഗവും. ഇവര്‍ മേയിൽ മാത്രമാകും തിരിച്ചെത്തുക.
നിര്‍മാണ മേഖലയ്ക്ക് പുറമെ തടി വ്യവസായം, പ്ലൈവുഡ് മേഖല, ഹോട്ടല്‍ വ്യവസായം എന്നീ മേഖലകളിലും ഭൂരിഭാഗവും ഇതരസംസ്ഥാന തൊഴിലാളികളാണ്. ദിവസവും നൂറു കണക്കിന് തൊഴലാളികളാണ് നാട്ടിലേക്ക് മടങ്ങുന്നത്.
പൗരത്വമടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ചയായതോടെ രാഷ്ട്രീയ പാര്‍ട്ടികളുടെ സമ്മര്‍ദവും വോട്ട് ചെയ്തില്ലെങ്കില്‍ പൗരത്വം നഷ്ടപ്പെടുമെന്ന പ്രചാരണവും തൊഴിലാളികളുടെ ഇടയില്‍ ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. നാട്ടിലേക്കുള്ള ഇപ്പോഴത്തെ മടക്കത്തിന് ഇതും കാരണമാണ്.