ശുചിമുറി മാലിന്യ നീക്കം; നഗരസഭയ്ക്ക് ലാഭം 65 ലക്ഷം
1415731
Thursday, April 11, 2024 4:50 AM IST
കൊച്ചി: ശുചിമുറി മാലിന്യം ശേഖരിച്ച് സംസ്കരിക്കുന്നതിന് വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും പ്രതിഫലം ഈടാക്കിയ വകയില്‍ കൊച്ചി കോര്പറേഷന് 65 ലക്ഷം വരുമാനം. ഒന്‍പതു മാസത്തിനിടെ ഡിജിറ്റല്‍ ആപ്പ് വഴി ബുക്ക് ചെയ്യുന്നതിലൂടെ കിട്ടിയ വരുമാനക്കണക്കാണിത്.
തിരുവനന്തപുരം കേന്ദ്രീകരിച്ചുള്ള ഏജന്‍സിവഴിയാണ് ഇപ്പോള്‍ ബുക്കിംഗ് സ്വീകരിച്ച് മാലിന്യ ശേഖരണം ക്രമീകരിക്കുന്നത്. വരുമാന സാധ്യത തിരിച്ചറിഞ്ഞതോടെ ഏജന്‍സിയെ ഒഴിവാക്കി ജൂണോടെ നേരിട്ട് നടത്താനുള്ള നീക്കത്തിലാണ് കോര്പറേഷന്.
"കൊച്ചി വണ്‍' എന്ന ആപ്പ് വഴിയാണ് ബുക്ക് ചെയ്യുന്നത്. ശുചിമുറി മാലിന്യം നീക്കം ചെയ്യണമെങ്കില്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഈ ആപ്പിലൂടെയാണ് ലോറികള്‍ ബുക്ക് ചെയ്യാം. 40 പേര്‍ക്കാണ് ഒരു ദിവസം ആപ്പിലൂടെ ബുക്കിംഗ് ലഭിക്കുക. ആപ്പിലൂടെ തന്നെ പണമടയ്ക്കാനും സാധിക്കും. ഈ ഇനത്തില്‍ മാത്രം നഗരസഭയുടെ അക്കൗണ്ടിലേക്ക് ആകെ വന്നത് 4.16കോടിയാണ്. ഇതില്‍ കഴിഞ്ഞ ഒന്‍പത് മാസത്തിനിടെ 65 ലക്ഷവും എത്തി.
ആറു ജീവനക്കാര്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ട്. അവരുടെ പ്രവര്‍ത്തനങ്ങള്‍ എല്ലാം നിയന്ത്രിക്കുന്നത് തിരുവനന്തപുരം കേന്ദ്രീകരിച്ചുള്ള ഈ ഏജന്‍സിയാണ്. മാസം ഇരുപതിനായിരം രൂപ ഒരു ജീവനക്കാരന് എന്ന നിലയില്‍ 12 പേര്‍ക്കുള്ള ശമ്പളം മാത്രമാണ് നഗരസഭ നല്‍കുന്നത്.
അതേസമയം കൊച്ചി നഗരത്തിലും ചുറ്റുമുള്ള നഗരസഭകളിലുമായി ശേഖരിക്കുന്ന ശുചിമുറി മാലിന്യം സംസ്കരിക്കപ്പെടുന്നതില് വ്യക്തതയില്ല. ഒരു ദിവസം 200 ഓളം ലോഡ് സെപ്റ്റേജ് മാലിന്യം ശേഖരിക്കപ്പെടുന്നതായി നഗരസഭ തന്നെ വെളിപ്പെടുത്തുമ്പോള്‍ നഗരത്തില്‍ ആകെയുള്ളത് രണ്ട് പ്ലാന്റുകളില്‍ 40 ലോഡ് മാലിന്യം മാത്രമേ സംസ്കരിക്കപ്പെടുന്നുള്ളു.
ശേഷിക്കുന്ന 160 ലോഡ് സെപ്റ്റേജ് മാലിന്യം എവിടെ നിക്ഷേപിക്കുന്നുവെന്നും എന്തുചെയ്യുന്നുവെന്നും വ്യക്തതയില്ല. നഗരത്തിലും സമീപത്തുമായി ആകെയുള്ള രണ്ട് സ്പെറ്റേജ് പ്ലാന്റും കൊച്ചി കോര്‍പറേഷന്റെ കീഴിലുള്ളതാണ്. ഒരെണ്ണം വെല്ലിംഗ്ടണ്‍ ഐലന്‍ഡിലും മറ്റൊന്ന് ബ്രഹ്മപുരത്തും.
കൊച്ചി കോര്പറേഷന് പുറമേ കളമശേരി, തൃക്കാക്കര, ഏലൂര്‍, തൃപ്പൂണിത്തുറ, മരട് മുനിസിപ്പിലിറ്റികളിലെ കക്കൂസ് മാലിന്യം സംസ്കരിക്കാനുള്ള ഏക സംവിധാനവും ഈ രണ്ട് പ്ലാന്റുകളാണ്. 200 ലോഡ് സെപ്റ്റേജ് മാലിന്യം ഇവിടുന്നെല്ലാമായി ദിനംപ്രതി ശേഖരിക്കപ്പെടുന്നുണ്ടെന്നാണ് കണക്ക്. പക്ഷെ സംസ്കരിക്കപ്പെടാന്‍ കഴിയുന്നത് 40 ടണ്‍ മാലിന്യം മാത്രമാണ്.
ബ്രഹ്മപുരത്ത് രണ്ട് എംഎല്‍ഡി സെപ്റ്റേജ് പ്ലാന്റിന് അമൃത് പദ്ധതി വഴി അനുമതി ലഭിച്ചിട്ടുണ്ടെങ്കിലും നിര്‍മാണം ആരംഭിക്കാനായിട്ടില്ല. നിലവില്‍ പുഴകളിലും പൊതുസ്ഥലങ്ങളിലും സെപ്റ്റേജ് മാലിന്യം തള്ളുന്നവര്‍ക്കെതിരെ പിഴ ഈടക്കി വിടുക മാത്രമാണ് ചെയ്യുന്നത്.
ലക്ഷക്കണക്കിന് രൂപ ഈ ഇനത്തിലും നഗരസഭയില്‍ വന്നു ചേരുന്നുണ്ട്. എന്നാല്‍ ഈ പ്രവണത അവസാനിപ്പിക്കാന്‍ ശാശ്വതമായ നടപടികള്‍ സ്വീകരിക്കുന്നതില്‍ കാലതാസം ഉണ്ടാകുന്നു എന്നതാണ് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കുന്നത്.