പറവൂരിൽ ചെറിയ തുകയ്ക്കുള്ള മുദ്രപത്രങ്ങൾ കിട്ടാതെ ജനം വലയുന്നു
1415720
Thursday, April 11, 2024 4:32 AM IST
പറവൂർ: പറവൂരിൽ ചെറിയ തുകയ്ക്കുള്ള മുദ്രപത്രങ്ങളും, കോർട്ട് ഫീ സ്റ്റാമ്പുകളും ലഭിയ്ക്കാത്തത് ജനങ്ങളെ വലയ്ക്കുന്നു.
സാധാരണ ആവശ്യങ്ങൾക്കുള്ള 50, 100 രൂപയുടെ പത്രങ്ങൾക്കാണ് ക്ഷാമം. അതിനാൽ സർട്ടിഫിക്കറ്റുകൾക്കും, കരാറുകൾക്കും കൂടിയ വിലയുടെ മുദ്രപത്രം വാങ്ങി ഉപയോഗിക്കുകയാണ് ആവശ്യക്കാർ.
50 രൂപയുടെ മുദ്രപത്രം ചോദിക്കുന്നവർക്ക് 500 രൂപയുടേതാണ് നൽകുന്നത്. മറ്റു മാർഗങ്ങളില്ലാത്തതിനാൽ പത്തിരട്ടിയിലേറെ അധികം തുക നൽകി മുദ്രപ്പത്രം വാങ്ങേണ്ട സ്ഥിതിയാണ്. ജനന - മരണ സർട്ടിഫിക്കറ്റുകൾക്കും, കെഎസ്എഫ്ഇ ഉൾപ്പടെയുള്ള ധനകാര്യ സ്ഥാപനങ്ങളിലും 50 രൂപയുടെ മുദ്രപത്രമാണ് നൽകേണ്ടത്.
വാടക കരാറുകൾക്കാകട്ടെ 200 രൂപയുടെ മുദ്രപത്രമാണ് വേണ്ടത്. മുദ്രപത്രങ്ങൾ ഇ സ്റ്റാമ്പു വഴിയാക്കുന്നതിന്റെ ഭാഗമായി ചെറിയ പത്രങ്ങൾ അച്ചടിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമായി പറയുന്നത്.
കോർട്ട്ഫീ സ്റ്റാമ്പ് ക്ഷാമത്തെ തുടർന്ന് പറവൂർ ജോയിന്റ് ആർടി ഓഫീസിൽ ഓട്ടോ കൺസൾട്ടൻസി ഏജന്റുമാർ മുഖേന സമർപ്പിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നില്ലെന്ന പരാതി ഉയരുന്നുണ്ട്. തൃശൂർ, എറണാകുളം ജില്ലകളിൽ കുറഞ്ഞ വിലയുടെ കോർട്ട് ഫീ സ്റ്റാമ്പുകൾ ലഭ്യമല്ലാത്ത അവസ്ഥയാണ്.
ജില്ലയിലെ മറ്റ് ജോയിന്റ് ആർടി ഓഫീസുകളിൽ കോർട്ട് ഫീ സ്റ്റാമ്പ് ഇല്ലാതെ അപേക്ഷകൾ സ്വീകരിക്കുന്നുണ്ട്. എന്നാൽ പറവൂരിൽ മാത്രം വിവേചനം കാണിക്കുന്നതായി ഓൾ കേരള ഓട്ടോ കൺസൾട്ടൻസി വർക്കേഴ്സ് അസോസിയേഷൻ-സിഐടിയു ഏരിയ പ്രസിഡന്റ് സി. എസ്. വേണുഗോപാൽ ആരോപിച്ചു.
ഭൂരിഭാഗം അപേക്ഷകളും ജോയിന്റ് ആർടി ഓഫീസിലെത്തുന്നത് കൺസൾട്ടൻസി മുഖേനയാണ്. അപേക്ഷയോടൊപ്പം നൽകുന്ന ചുമതല പത്രത്തിലാണ് അഞ്ച് രൂപ സ്റ്റാമ്പ് ഒട്ടിക്കേണ്ടത്. സ്റ്റാമ്പ് ലഭ്യമാകുന്ന മുറയ്ക്ക് ഒട്ടിച്ചു നൽകാൻ തയറാണ്. എന്നാൽ ജനങ്ങളെ വലയ്ക്കുന്ന നിലപാടാണ് ജോയിന്റ് ആർടിഒ കൈക്കൊള്ളുന്നതെന്ന് വേണുഗോപാൽ പറഞ്ഞു.
കൺസൾട്ടൻസി ഏജന്റുമാർ വഴി ചുമതലപ്പെടുത്തി വരുന്ന അപേക്ഷകളിൽ കോർട്ട് ഫീ സ്റ്റാമ്പ് നിർബന്ധമാക്കുന്നത് സർക്കാർ മാനദണ്ഡപ്രകാരം മാത്രമാണെന്ന് ജോയിന്റ് ആർടിഒ ബി. ഷേർളി പറഞ്ഞു.