വിഭാവനം ചെയ്ത എല്ലാ പദ്ധതികളും ജൂണില്‍ പൂര്‍ത്തിയാക്കുമെന്ന് മന്ത്രി
1396974
Sunday, March 3, 2024 3:59 AM IST
കൊച്ചി: കൊച്ചി സ്മാര്‍ട്ട് സിറ്റീസ് മിഷന്റെ (സിഎസ്എംഎല്‍) നേതൃത്വത്തില്‍ നഗരത്തില്‍ നടക്കുന്ന വിവിധ പദ്ധതികളുടെ നിര്‍വഹണ പുരോഗതി മന്ത്രി എം.ബി. രാജേഷിന്റെ നേതൃത്വത്തിൽ അവലോകനം ചെയ്തു.
എറണാകുളം മാര്‍ക്കറ്റ് നവീകരണം, രാജേന്ദ്രമൈതാനം സൗന്ദര്യവത്കരണം, മറൈൻഡ്രൈവ് വാക്ക്വേ തുടങ്ങി സിഎസ്എംഎല്ലിന്റെ നേതൃത്വത്തില്‍ നടക്കുന്ന വിവിധ പ്രവര്‍ത്തനങ്ങളുടെ പുരോഗതിയാണ് മന്ത്രി പരിശോധിച്ചത്.
സ്മാര്‍ട്ട് സിറ്റി മിഷന് കാലാവധി ജൂണില്‍ പൂര്‍ത്തിയാകുമ്പോഴേക്കും വിഭാവനം ചെയ്ത എല്ലാ പദ്ധതികളും പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന ഉറച്ച പ്രതീക്ഷയാണ് സര്‍ക്കാരിനുള്ളതെന്ന് മന്ത്രി പറഞ്ഞു.
കൊച്ചി കോർപറേഷൻ മേയര്‍ അഡ്വ. എം. അനില്‍കുമാര്‍, കൊച്ചിന് സ്മാര്‍ട്ട് മിഷന് ലിമിറ്റഡ് സിഇഒ ഷാജി വി. നായര്‍, സിഎസ്എം എല്‍ ജനറല്‍ മാനേജര്‍, മറ്റു ഉദ്യഗസ്ഥര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
സന്ദർശനത്തിനെതിരേ ഹൈബി ഈഡന് എംപി
പദ്ധതികളുടെ നിര്‍വഹണ പുരോഗതി വിലയിരുത്താനായി മന്ത്രിയും മറ്റും കൊച്ചിയിലെത്തുന്നത് പൊതുപരിപാടികള്‍ സംബന്ധിച്ചുള്ള മര്യാദകള്‍ ലംഘിച്ചാണെന്ന് ഹൈബി ഈഡന് എംപി.
സ്ഥലം എംപിയായ തന്നെയും, എംഎല്‍എ ടി.ജെ. വിനോദിനെയും പരിപാടിയില്‍ നിന്നും ഒഴിവാക്കുന്നതിലൂടെ എല്‍ഡിഎഫ് മുന്നോട്ടുവയ്ക്കുന്നത് തികച്ചും സങ്കുചിതമായ രാഷ്ട്രീയമാണെന്നും ഹൈബി ആരോപിച്ചു.