കെ-സ്മാർട്ട് വന്നിട്ടും സ്മാർട്ടാകാതെ പറവൂർ നഗരസഭ
1396960
Sunday, March 3, 2024 3:38 AM IST
പറവൂർ: പൂർണമായും ഡിജിറ്റലൈസേഷൻ നടപ്പാക്കിയെങ്കിലും പറവൂർ നഗരസഭയിൽ നിന്നുള്ള സേവനങ്ങൾ ലഭിക്കാൻ ജനങ്ങൾ നെട്ടോട്ടമോടണം. ഡി ആൻഡ് ഇഒ ലൈസൻസ് പുതുക്കാൻ ദിവസങ്ങൾ മാത്രം അവശേഷിക്കെ നഗരത്തിലെ വ്യാപാരികൾ അങ്കലാപ്പിലാണ്. മൂവായിരത്തോളം സ്ഥാപനങ്ങളാണ് നഗരസഭാ പരിധിയിൽ പ്രവർത്തിക്കുന്നത്.
ഇവരിൽ ചെറിയൊരു വിഭാഗത്തിനു മാത്രമാണ് ഇതുവരെ ലൈസൻസ് നടപടികൾ പൂർത്തിയാക്കാൻ കഴിഞ്ഞിട്ടുള്ളത്. സാധാരണ ഫെബ്രുവരി 28 ആണ് പുതുക്കൽ കാലാവധിയെങ്കിലും ഡിജിറ്റലൈസേഷൻ നടപടികൾ പൂർത്തിയാക്കാൻ വൈകിയതിനാൽ ഇത് മാർച്ച് 28 വരെ നീട്ടിനൽകിയിട്ടുണ്ട്. എന്നാൽ ഇപ്പോഴത്തെ അവസ്ഥയിൽ പറവൂരിൽ വ്യാപാരികൾക്ക് നഗരസഭയിൽ നിന്നുള്ള ലൈസൻസ് പുതുക്കൽ നടപടി പൂർത്തിയാക്കാനാവില്ലെന്നാണ് പറയുന്നത്.
പുതിയ സോഫ്റ്റ്വെയർ സംബന്ധിച്ച ഉദ്യോഗസ്ഥരുടെ അറിവില്ലായ്മയും വകുപ്പുകൾ തമ്മിലുള്ള ഏകോപനം ഇല്ലാത്തതുമാണ് കാരണമായി വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നത്. വ്യാപാര സ്ഥാപനങ്ങളുടെ സ്വഭാവമനുസരിച്ച് വിവിധങ്ങളായ 12ഓളം രേഖകൾ ലൈസൻസ് പുതുക്കലിന് ആവശ്യമാണ്. ഇതിൽ ബിൽഡിംഗ് ടാക്സ്, പ്രൊഫഷണൽ ടാക്സ്, ഹരിത കർമസേന ഫീസ് എന്നിവ എല്ലാവർക്കും നിർബന്ധം.
നഗരസഭയിലെ വിവിധ വകുപ്പുകളിൽ ഇവ ഒടുക്കി രസീത് വാങ്ങി, ഏതെങ്കിലും ഇ-സേവനങ്ങൾ കേന്ദ്രങ്ങളിൽ എത്തിയാണ് ഓൺലൈൻ വഴി ലൈസൻസിന് അപേക്ഷ നൽകുന്നത്. ഫീസൊടുക്കിയ വിവരം ഉദ്യോഗസ്ഥർ സൈറ്റിൽ അപ് ലോഡ് ചെയ്താൽ മാത്രമേ ഓൺലൈൻ അപേക്ഷ സമർപ്പിക്കാനാകൂ. എന്നാൽ ഇത് കൃത്യമായി നടക്കാറില്ല.
ഇതിനായി വീണ്ടും ഓഫീസിൽ കയറിയിറങ്ങണം. നിലവിലെ ലൈസൻസ് വിവരങ്ങൾ പുതിയ സോഫ്റ്റ്വെയറിലേക്ക് ഉദ്യോഗസ്ഥർ അപ്ഡേറ്റ് ചെയ്ത് നൽകാത്തതും ദുരിതമാകുന്നു. ദിവസങ്ങളുടെ ശ്രമഫലമായാണ് പലരും നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നത്.