കപ്പടിച്ച് ആശാനും പിള്ളേരും
1396097
Wednesday, February 28, 2024 4:23 AM IST
കോട്ടയം: എംജി യൂണിവേഴ്സിറ്റി കലോത്സവത്തില്‍ പുതുതായി ഉള്‍പ്പെടുത്തിയ പരിചമുട്ടുകളിയില് കന്നി കിരീടം നേടി ആലുവ യുസി കോളജ്. മൂന്നു ടീമുകളാണ് മത്സരത്തിലുണ്ടായിരുന്നത്. സ്കൂള്‍ കലോത്സവങ്ങളിലെ പരിചമുട്ടുകളി പരിശീലകനായ കോട്ടയം മണര്‍കാട് കുഞ്ഞപ്പനാശാന്റെ ശിക്ഷണത്തിലാണ് യുസി കോളജ് ടീം തിരുനക്കരയിലെ വേദിയിലെത്തിയത്.
കഴിഞ്ഞ 48 വര്‍ഷമായി പരിചമുട്ടുകളി പരിശീലകനാണ് കുഞ്ഞപ്പനാശാന്. എംജി കലോത്സവത്തില്‍ ഈ വര്‍ഷം മുതലാണ് പരിചമുട്ടുകളി ഉള്‍പ്പെടുത്തിയത്. പരിചമുട്ടുകളി മത്സരം ഉള്പ്പെടുത്തിയതറിഞ്ഞ കോളജ് അധികൃതര്‍ മണര്‍കാട് കുഞ്ഞപ്പനാശാനെ തേടിയെത്തി.
ഒരുമാസം നീണ്ട പരിശീലനത്തിനൊടുവിലാണ് യുസി കോളജ് ടീം വേദിയിലെത്തിയത്. ബൈബിളിലെ പഴയനിയമത്തിലെയും പുതിയ നിയമത്തിലെയും ഭാഗങ്ങള്‍ ഉള്‍പെടുത്തിയതാണ് കളിയുടെ പശ്ചാത്തലം. പങ്കെടുത്ത മൂന്ന് ടീമുകളും മികച്ച നിലവാരം പുലര്‍ത്തിയതായി വിധികര്‍ത്താക്കള്‍ അറിയിച്ചു.