കിൻഫ്ര ജലവിതരണ പദ്ധതി: കുഴിയിലിറങ്ങി തടഞ്ഞ് ജനപ്രതിനിധികൾ
1396082
Wednesday, February 28, 2024 3:55 AM IST
ആലുവ: പുനരാരംഭിച്ച കിൻഫ്ര വ്യവസായ പാർക്ക് ജലവിതരണ പദ്ധതിയ്ക്കുവേണ്ടിയുളള പൈപ്പിടൽ കുഴിയിലിറങ്ങി തടഞ്ഞ് ജനപ്രതിനിധികൾ.
കഴിഞ്ഞ 19 ന് നിർത്തിവച്ച പ്രവർത്തികൾ എടയപ്പുറം മേഖലയിൽ തുടങ്ങിയപ്പോഴാണ് എംപി, എംഎൽഎ, പഞ്ചായത്ത് അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ തടഞ്ഞത്. പ്രശ്ന പരിഹാരം ഉണ്ടാകാത്തതിനാൽ പണി നിർത്തിവയ്ക്കാൻ ജില്ലാ കളക്ടർ ഉത്തരവിട്ടു.
പെരിയാറിൽ നിന്ന് കിൻഫ്രയിലേക്ക് വ്യവസായിക ആവശ്യത്തിന് വെള്ളം കൊണ്ടുപോകാനായി ഒരു മീറ്റർ വ്യാസമുള്ള പൈപ്പുകൾ സ്ഥാപിക്കാനുള്ള ശ്രമമാണ് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ എടയപ്പുറത്ത് നാട്ടുകാർ തടഞ്ഞത്.
ഹൈബി ഈഡൻ എംപി, എംഎൽഎ മാരായ അൻവർ സാദത്ത് , ഉമാ തോമസ്, ടി.ജെ. വിനോദ് , ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എന്നിവരുടെ നേതൃത്വത്തിൽ പ്രകടനമായി എത്തിയ സംഘത്തെ ബലംപ്രയോഗിച്ച് തടയാൻ പോലീസ് ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
ഇതിനിടയിൽ പോലീസുമായി തർക്കമുണ്ടായി. ജെസിബി നീക്കണമെന്നും തൊഴിലാളികളെ പറഞ്ഞുവിടണമെന്നും ഹൈബി ഈഡൻ എംപിയും എംഎൽഎമാരും ഡിവൈഎസ്പിമാരായ എ. പ്രസാദ്, ജിൽസൺ മാത്യു എന്നിവരോട് ആവശ്യപ്പെട്ടപ്പോൾ പോലീസ് അധിക്ഷേപിച്ചെന്ന് പരാതി ഉയർന്നു. ഇതേതുടർന്നുണ്ടായ തർക്കം സംഘർഷത്തിന്റെ വക്കോളമെത്തി.
ഇതിനിടയിൽ പോലീസ് പ്രതിരോധം മറികടന്ന് എത്തിയ സമരക്കാർ പൈപ്പ് ഇടാൻ കുഴിച്ച കുഴികളിൽ ഇറങ്ങിയും പൈപ്പിനുള്ളിൽ നുഴഞ്ഞുകയറിയും പ്രതിഷേധിച്ചു. ഇതോടെ ജെസിബി സഹായത്താൽ കുഴിയെടുക്കുന്ന പ്രവർത്തികൾ നിർത്തി വച്ചു.
ഹൈബി ഈഡൻ എംപി ജില്ലാ കളക്ടറെ ഫോണിൽ വിളിച്ച് സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ പണി നിർത്തിവയ്ക്കാനും കുഴിനികത്തി ഉദ്യോഗസ്ഥർ പിരിഞ്ഞു പോകാനും ധാരണയായി. കുഴികൾ മണ്ണിട്ട് നികത്തി പൂർവ സ്ഥിതിയിലാക്കി ഉദ്യോഗസ്ഥർ പിരിഞ്ഞു പോകാതെ പിന്മാറില്ലെന്ന് നാട്ടുകാർ നിലപാടെടുത്തു.
ഇതോടെ പൈപ്പിടാൻ തയാറാക്കിയ കുഴികൾ ജെസിബി ഉപയോഗിച്ച് മൂടി. നാല് അടിയിലേറെ വീതി, ആറടിയിലേറെ ആഴം, 10 മീറ്ററോളം നീളവുമുള്ള കുഴിയാണ് ജെസിബി ഉപയോഗിച്ച് മൂടിയത്.
52 കോടിയുടെ പദ്ധതി
ആലുവ: കളമശേരി, കാക്കനാട് മേഖലയിലെ വ്യവസായ സ്ഥാപനങ്ങൾക്കാവശ്യമായ വെള്ളം ലഭ്യമാക്കാൻ 2022 ഏപ്രിലിൽ ആരംഭിച്ച പദ്ധതിയാണിത്. ഓരോ ദിവസവും 45 എംഎൽഡി വെള്ളം പമ്പ് ചെയ്യും. ഇതിനായി 220 ദശലക്ഷം വെള്ളം ലിറ്റർ സംഭരിക്കാവുന്ന ചെക്ക് ഡാം പെരിയാറിൽ നിർമിക്കും.
പെരുമ്പാവൂർ കെഎസ്ആർടിസി റൂട്ടിൽ പെരിയാറിന്റെ തീരത്ത് തോട്ടുമുഖത്ത് വമ്പൻ കിണറും വലിയ ടാങ്കും നിർമിച്ചു. ഇവിടെ നിന്ന് എടയപ്പുറം, പെരുമ്പാവൂർ സ്വകാര്യ ബസ് റൂട്ടിലെ കൊച്ചിൻ ബാങ്ക് ജംഗ്ഷൻ വഴിയാണ് കളമശേരി, കാക്കനാട് എത്തുക. 52 കോടിയുടെ പദ്ധതിയാണ് കിൻഫ്രയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്നത്. രണ്ട് വർഷം കൊണ്ട് പദ്ധതി പൂർത്തീകരിക്കുകയായിരുന്നു ലക്ഷ്യം.
വ്യവസായത്തിന് എതിരല്ല, മുൻഗണന കുടിവെള്ള പദ്ധതിയ്ക്ക് : ഹൈബി ഈഡൻ
ആലുവ: വ്യവസായങ്ങൾ വരുന്നതിന് എതിരല്ലെന്നും ജില്ലയുടെ പ്രധാന കുടിവെള്ള സ്രോതസായ പെരിയാറിൽ നിന്ന് യാതൊരു ശാസ്ത്രീയ പഠനവും നടത്താതെ വൻതോതിൽ നടത്താൻ പോകുന്ന ജല ചൂഷണത്തെയാണ് എതിർക്കുന്നതെന്നും ഹൈബി ഈഡൻ എംപി പറഞ്ഞു.
എറണാകുളം ജില്ലയിലെ പല പ്രദേശങ്ങളിലും രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവപ്പെടുകയാണ്. അത്തരം മേഖലകളിലേക്ക് കുടിവെള്ളം എത്തിക്കുന്നതിനു പകരം പെരിയാറിലെ കുടിവെള്ള പദ്ധതികൾക്ക് ഭീഷണിയാകുന്ന കിൻഫ്ര ജലവിതരണ പദ്ധതി അനുവദിക്കില്ലെന്ന് ഉമാ തോമസ് എംഎൽഎ പറഞ്ഞു. കിൻഫ്രയ്ക്കായി കടമ്പ്രയാറിൽ നിന്ന് ജലം എടുക്കാമെന്ന വാദം സമരക്കാർ ആവർത്തിച്ചു.
ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.ജെ. ജോമി, പി.എ. മുജീബ് , കിൻഫ്ര പൈപ്പ് ലൈൻ വിരുദ്ധ സമരസമിതി ചെയർമാൻ എ.ജി. അജയൻ, കൺവീനർ വി.കെ. അഷറഫ്, ചൂർണിക്കര പഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ് തുടങ്ങിയവരും പ്രതിഷേധത്തിൽ പങ്കെടുത്തു.
പദ്ധതി തടസപ്പെടുന്നത് നാലാംവട്ടം
നാലാം വട്ടമാണ് പദ്ധതി തടസപ്പെടുന്നത്. 2022 ഏപ്രിൽ രണ്ടാം വാരത്തിൽ എടയപ്പുറത്ത് നിർമാണം ആരംഭിച്ചു. 26 ന് നാട്ടുകാർ ആദ്യം തടഞ്ഞു. ഡിസംബർ 15 ന് അശോകപുരത്ത് എൻഎഡി റോഡിൽ പുനരാരംഭിക്കാൻ ശ്രമിച്ചെങ്കിലും അൻവർ സാദത്ത് എംഎൽഎയുടെ നേതൃത്വത്തിൽ തടയുകയും എടുത്ത കുഴി മൂടിക്കുകയും ചെയ്തു.
കഴിഞ്ഞ 19 ന് എടയപ്പുറത്ത് മൂന്നാം വട്ടം നിർമാണത്തിനെത്തി.നാട്ടുകാർ ശക്തമായ പ്രതിരോധം തീർത്തു. ഇന്നലെ കനത്ത പോലീസ് കാവലിൽ നിർമാണം തുടങ്ങിയെങ്കിലും ജനകീയ പ്രതിഷേധത്തിൽ കുഴികൾ മൂടുകയായിരുന്നു.