അടൽ ടിങ്കറിംഗ് ലാബ് പ്രവർത്തനമാരംഭിച്ചു
1395825
Tuesday, February 27, 2024 6:01 AM IST
മൂവാറ്റുപുഴ: പേഴയ്ക്കാപ്പിളളി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർഥികൾക്ക് നൂതന സാങ്കേതിക വിദ്യകളിൽ പ്രാവീണ്യം നൽകുന്നതിനായി അടൽ ടിങ്കറിംഗ് ലാബ് പ്രവർത്തനമാരംഭിച്ചു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ ലാബിലെ ത്രിഡി പ്രിന്റിംഗ് യൂണിറ്റ് പ്രവർത്തിപ്പിച്ച് ഉദ്ഘാടനം നിർവഹിച്ചു. പായിപ്ര പഞ്ചായത്ത് പ്രസിഡന്റ് പി.എം. അസീസ് അധ്യക്ഷത വഹിച്ചു.
സ്കൂളിൽ പുതുതായി പണികഴിക്കപ്പെട്ട ശാസ്ത്രലാബ് ജില്ലാ പഞ്ചായത്തംഗം ഷാന്റി ഏബ്രഹാം ഉദ്ഘാടനം ചെയ്തു. സ്കൂളിലെ സീനിയർ അധ്യാപികയായ മിനിമോൾ സയൻസ് ലാബിലേക്ക് പരീക്ഷണോപകരണങ്ങൾ സ്പോണ്സർ ചെയ്തു.
ഇൻസ്റ്റിറ്റൂട്ട് ഓഫ് ബയോ സയൻസ് ആൻഡ് ബയോടെക്നോളജി വിഭാഗം ഡയറക്ടർ ഡോ. സേതുലക്ഷ്മി ശാസ്ത്ര ക്ലാസിന് നേതൃത്വം നൽകി. അടൽ ടിങ്കറിംഗ് ലാബ് പ്രവർത്തനങ്ങളെക്കുറിച്ച് അധ്യാപിക സ്റ്റാലിന വിശദീകരിച്ചു. സ്കൂൾ പ്രിൻസിപ്പൽ സന്തോഷ് കുമാർ, പ്രധാനാധ്യാപിക ഷൈല കുമാരി, മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തംഗം റിയാസ് ഖാൻ, പ്രായിപ്ര പഞ്ചായത്തംഗം നെജി ഷാനവാസ്, പിടിഎ പ്രസിഡന്റ് ഹസീന ആസിഫ്, എസ്എംസി ചെയർമാൻ നാസർ ഹമീദ്, ജൻ സീന സിയാദ്, ടി.ആർ. ഷാജു എന്നിവർ പ്രസംഗിച്ചു.
ഉദ്ഘാടനത്തോടനുബന്ധിച്ച് നടത്തിയ ശാസ്ത്രപ്രദർശനത്തിൽ വിദ്യാർഥികൾ നിർമിച്ച പ്രോജക്ടുകൾ കാണുന്നതിനായി വിവിധ വിദ്യാലയങ്ങളിൽ നിന്നും കുട്ടികളെത്തിച്ചേർന്നു. വിദ്യാർഥികൾക്ക് റോബോട്ടിക്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഓഗ്മെന്റഡ് റിയാലിറ്റി, വെർച്വൽ റിയാലിറ്റി, ഇന്റർനെറ്റ് ഓഫ് തിംഗ്സ്, ത്രീഡി പ്രിന്റിംഗ്, ഇലക്ട്രോണിക്സ്, ഡിസൈൻ തിങ്കിംഗ്, കോഡിംഗ് തുടങ്ങിയ മേഖലകളിലും മറ്റ് നവീന സാങ്കേതികവിദ്യാരീതികളിലും നൈപുണി വികസിപ്പിക്കുന്നതിനാവശ്യമായ പരിശീലനം സ്കൂളിൽ സ്ഥാപിച്ച ടിങ്കറിംഗ് ലാബിൽ നൽകും.