മരംമുറിച്ച് നീക്കുന്നതിനിടെ തൊഴിലാളിക്ക് ദാരുണാന്ത്യം
1395709
Monday, February 26, 2024 10:18 PM IST
കോതമംഗലം: നേര്യമംഗലത്ത് റോഡരികിലെ മരംമുറിച്ച് നീക്കുന്നതിനിടെ മരം ദേഹത്ത് വീണും മെഷീൻ വാളിന് മുറിവേറ്റും തൊഴിലാളിക്ക് ദാരുണാന്ത്യം. പൈങ്ങോട്ടൂർ തുരുത്തേൽ ബാബു മാത്യു (48) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക്് 2.30 ഓടെയാണ് സംഭവം.
നേര്യമംഗലം ഇടുക്കി കവലയ്ക്ക് സമീപം ദേശീയപാത നവീകരണത്തിന്റെ ഭാഗമായി മരം മുറിച്ച് നീക്കുന്നതിനിടെയാണ് അപകടം. ചെരിവിൽനിന്ന മരം മെഷീൻ വാൾ ഉപയോഗിച്ചാണ് മുറിച്ചത്. മരം മറിയുന്നതിനിടെ ബാബു ഒഴിഞ്ഞുമാറിയപ്പോൾ നിലത്തുവീണു. ഇതിനിടെ മരം ദേഹത്ത് തട്ടിയോ പ്രവർത്തിച്ചുകൊണ്ടിരുന്ന മെഷീൻ വാൾ കൊണ്ടോ അരയുടെ വലതു ഭാഗത്ത് സാരമായ മുറിവേറ്റു.
രാവിലെ വില്ലാംചിറ ഭാഗത്ത് മൂന്ന് മരങ്ങൾ മുറിച്ച് നീക്കിയിരുന്നു. കരാർ കന്പനി ജീവനക്കാരും നാട്ടുകാരും ചേർന്ന് ഉടൻ കോതമംഗലം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. ഭാര്യ: മേഴ്സി. മക്കൾ: ആൽബിൻ, അഖിൽ, അക്സ.