എറണാകുളത്തപ്പന് ക്ഷേത്രത്തിലെ ഉത്സവ നടത്തിപ്പിനായി അഡ്ഹോക്ക് കമ്മിറ്റി
1374398
Wednesday, November 29, 2023 6:47 AM IST
കൊച്ചി: എറണാകുളത്തപ്പന് ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ ഉത്സവ നടത്തിപ്പിനായി മുന്‍ ഹൈക്കോടതി ജഡ്ജി ബി. സുധീന്ദ്രകുമാര്‍ ചെയര്‍മാനായ അഡ്ഹോക്ക് കമ്മിറ്റിക്ക് ഹൈക്കോടതി രൂപം നല്കി. ഇത്തവണത്തെ ഉത്സവം ജനുവരി 16 നു തുടങ്ങുന്ന സാഹചര്യത്തില്‍ ഉത്സവാഘോഷ കമ്മിറ്റി രൂപീകരിക്കാന്‍ അനുമതി തേടി കൊച്ചിന് ദേവസ്വം ബോര്‍ഡ് നല്കിയ ഉപഹര്‍ജിയിലാണ് ജസ്റ്റീസ് അനില്‍ കെ. നരേന്ദ്രന്, ജസ്റ്റീസ് ജി. ഗിരീഷ് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് അഡ്ഹോക്ക് കമ്മിറ്റിക്ക് രൂപം നല്‍കിയത്.
എറണാകുളത്തപ്പന് ക്ഷേത്രവുമായി ബന്ധപ്പെട്ട് കൊച്ചിന് ദേവസ്വം ബോര്‍ഡും ക്ഷേത്രക്ഷേമ സമിതിയും തമ്മില്‍ കേസുകള്‍ നിലവിലുള്ള സാഹചര്യത്തിലാണ് ഉത്സവാഘോഷ കമ്മിറ്റി രൂപീകരിക്കാന്‍ അനുമതി തേടി ബോര്‍ഡ് ഉപഹര്‍ജി നല്‍കിയത്.
തുടര്‍ന്ന് ഡിവിഷന് ബെഞ്ച് ദേവസ്വം ബോര്‍ഡിനോടും ക്ഷേത്രക്ഷേമ സമിതിയോടും കമ്മിറ്റി രൂപീകരണത്തിനുള്ള പാനലുകള്‍ സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചു. ഇരുകൂട്ടരും നല്കിയ പേരുകളില്‍ നിന്ന് വാദംകേട്ടശേഷമാണ് അഡ്ഹോക്ക് കമ്മിറ്റിക്ക് രൂപം നല്‍കിയത്.
അഡ്ഹോക്ക് കമ്മിറ്റിയംഗങ്ങള്‍
ഡോ. സി.പി. ഉണ്ണികൃഷ്ണന്, ഡോ. എം.എം. വേണുഗോപാല്‍, ടി.ആര്. സദാനന്ദഭട്ട്, ആര്. ശ്രീനിവാസന്, ആര്. അനന്തനാരായണന്‍, അഡ്വ. കെ.എന്‍. രാധാകൃഷ്ണന്, എം. സുധാകര്‍, ഉഷ പ്രവീണ്‍, വി.പി. അയ്യപ്പന്, നന്ദകിഷോര്‍ ഷേണായ്, സുനില്‍ മേനോന്, എസ്. അശോക് കുമാര്‍, ആര്. രാമകൃഷ്ണന്, എ.ആര്. കൃഷ്ണന്, ഐ. കൃഷ്ണകുമാര്‍, പി. വെങ്കട്ട്, സുരേഷ് പൈ, പി. ഗിരിജാവല്ലഭന്‍ എന്നിവരാണ് അംഗങ്ങള്‍. തൃപ്പൂണിത്തുറ ദേവസ്വം അസി. കമ്മീഷണര്‍ ട്രഷററും ചോറ്റാനിക്കര ദേവസ്വം അസി. കമ്മിഷണര്‍, നെല്ലുവായ ദേവസ്വം ഓഫീസര്‍ എന്നിവര്‍ സ്പെഷല്‍ ഓഫീസര്‍മാരുമായിരിക്കും.
അടുത്തയാഴ്ച കമ്മിറ്റി ചെയര്മാന് സൗകര്യപ്രദമായ ദിവസം യോഗം ചേര്‍ന്ന് സെക്രട്ടറിയെയും മറ്റു ഭാരവാഹികളെയും തെരഞ്ഞെടുക്കണം. യുപിഐ പേയ്മെന്റ് സംവിധാനത്തിനു പുറമേ ക്ഷേത്രത്തിന്റെ വെബ്സൈറ്റില്‍ ക്ഷേത്രോത്സവത്തിനുള്ള സംഭാവനകള്‍ സ്വീകരിക്കാന്‍ സംവിധാനം ഒരുക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഹര്‍ജികള്‍ ഡിസംബര്‍ ഏഴിന് വീണ്ടും പരിഗണിക്കും.