ബിരിയാണി ചലഞ്ച്: നൂറിലേറെ പേർക്കു ശാരീരികാസ്വാസ്ഥ്യം
1374395
Wednesday, November 29, 2023 6:47 AM IST
ആലങ്ങാട്: നീറിക്കോട് നടന്ന ബിരിയാണി ചലഞ്ചിൽ പങ്കെടുത്ത നൂറിലേറെ പേർക്കു ശാരീരികാസ്വാസ്ഥ്യം. പലർക്കും ഭക്ഷ്യവിഷബാധയേറ്റതിനെ തുടർന്ന് പഞ്ചായത്ത് ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ പരിശോധനയും മെഡിക്കൽ ക്യാന്പും സംഘടിപ്പിച്ചു.
ഞായറാഴ്ച നീറിക്കോട് പള്ളി ഹാളിൽ വച്ചാണു ബിരിയാണി ചലഞ്ച് നടത്തിയത്. ഇന്നലെ മെഡിക്കൽ ഓഫീസർ ഫിലോമിന അലോഷ്യസിന്റെ നേതൃത്വത്തിലുള്ള സംഘം ബിരിയാണി കഴിച്ചവരെ പരിശോധിച്ചു. എൺപതിലേറെ പേർ ക്യാന്പിൽ പങ്കെടുത്തു. കുട്ടികളടക്കം ഒട്ടേറെ പേർ സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടി.
ആരുടെയും സ്ഥിതി ഗുരുതരമല്ലെന്നാണു മെഡിക്കൽ ഓഫീസർ അറിയിച്ചത്. സംഭവത്തെക്കുറിച്ചു അന്വേഷിച്ചു വരുന്നതായി ആലങ്ങാട് പോലീസ് വ്യക്തമാക്കി.
മുന്നൂറോളം പേർ ചലഞ്ചിൽ പങ്കെടുത്തിട്ടുണ്ട്. അസ്വസ്ഥത അനുഭവപ്പെടുന്നവർ പഞ്ചായത്ത് ആരോഗ്യ വിഭാഗവുമായി ബന്ധപ്പെടാൻ ആവശ്യപ്പെട്ടുള്ള അറിയിപ്പും നല്കി. ബിരിയാണി ഉണ്ടാക്കിയ സ്ഥലത്ത് പരിശോധന നടത്തിയ പോലീസ് പാചകക്കാരനെ സംഭവ സ്ഥലത്ത് എത്തിച്ച് മൊഴി രേഖപ്പെടുത്തി.