ഓര്‍മയില്‍ കോമോസ് ബസപകടം
1374154
Tuesday, November 28, 2023 3:07 AM IST
കൊച്ചി: ആള്‍ക്കൂട്ട ദുരന്തത്തിന്റെ മായാത്ത ഓര്‍മയാണ് 1979 മാര്‍ച്ച് 30 നുണ്ടായ കോമോസ് ബസപകടം. കേരളത്തെ നടുക്കിയ ആ ദുരന്തത്തില്‍ ജീവന് നഷ്ടപ്പെട്ടത് 46 പേര്‍ക്ക്. ബസ് വെട്ടിപ്പൊളിക്കുമ്പോള്‍ അട്ടിയട്ടിയായി കിടന്ന മൃതദേഹങ്ങള്‍ക്കിടയില്‍നിന്നാണ് ശ്വാസം അവശേഷിച്ചിരുന്ന പലരെയും രക്ഷപ്പെടുത്തിയത്. അവരില്‍ പലരും ഇന്ന് ജീവിക്കുന്ന രക്തസാക്ഷികളാണ്.
പുതുക്കുളം ഓച്ചിറ റൂട്ടില്‍ സര്‍വീസ് നടത്തിവന്ന കോമോസ് ബസാണ് അപകടത്തില്‍പ്പെട്ടത്. പത്തനംതിട്ടയ്ക്കുള്ള കെഎസ്ആര്‍ടിസി ബസ് അന്ന് ഇല്ലായിരുന്നതിനാല്‍ പിന്നാലെ വന്ന കോമോസ് ബസില്‍ എല്ലാവരും ഇടിച്ചുകയറി. പരമാവധി 90 പേര്‍ക്ക് മാത്രം കയറാന്‍ ശേഷിയുള്ള ബസില്‍ അന്നുകയറിയത് 156 പേര്.
മൈലാടുംപാറ കഴിഞ്ഞപ്പോഴേക്കും വലിയ വേഗത്തിലായിരുന്ന ബസിന് ബ്രേക്ക് നഷ്ടപ്പെട്ടു എന്ന് ഡ്രൈവര്‍ വിളിച്ചു പറഞ്ഞു. കളീക്കല്‍പടി വളവില്‍ എത്തിയപ്പോള്‍ വഴിയാത്രക്കാരനെ ഇടിക്കാതെ ഡ്രൈവര്‍ വണ്ടി വെട്ടിച്ചു. എതിര്‍വശത്തെ മരത്തിലും മതിലിലും ബസ് ഇടിച്ചു തകര്‍ന്നു. 24 പേര് സംഭവ സ്ഥലത്തുതന്നെ മരിച്ചു. മറ്റുള്ളവര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴും.
ഇടിയുടെ ആഘാതത്തില്‍ ഒരു കൂട്ടം യാത്രക്കാരുടെ മുകളിലേക്ക് ബാക്കിയുള്ളവര്‍ വീഴുകയായിരുന്നു. ആള്ക്കൂട്ടത്തിനടിയില്പ്പെട്ടവര്ക്കാണ് ശ്വാസം മുട്ടിയും ഗുരുതര പരിക്കേറ്റും ജീവന് നഷ്ടമായത്. രക്ഷപെട്ടവരില്‍ പരിക്കേല്‍ക്കാത്തവരായി ആരുമുണ്ടായില്ല.
രക്ഷപ്പെടാനുള്ള ആ പരിഭ്രാന്തിയില്‍ തിക്കിലും തിരക്കിലും പെട്ടതാണ് കേരളം കണ്ട ഏറ്റവും വലിയ ബസപകടത്തിലേക്ക് നയിച്ചത്. കഴിഞ്ഞ ദിവസം കുസാറ്റിലുണ്ടായ അപകടവും ഇത്തരത്തില്‍ തിക്കിലും തിരക്കിലും പെട്ടുണ്ടായതാണ്.
കോവിഡിന് ശേഷം കേരളത്തില്‍ ആള്‍ക്കൂട്ട പരിപാടികള്‍ വര്‍ധിച്ചു വരുന്നതിനാല്‍ കൃത്യമായ മാനദണ്ഡങ്ങള്‍ ഇത്തരം പരിപാടികള്‍ പാലിക്കപ്പെടേണ്ടതുണ്ടെന്ന് കുസാറ്റ് അപകടം ഓര്‍മപ്പെടുത്തുന്നു.