ഭക്തിസാന്ദ്രമായി മാല്യങ്കര തീർഥാടനം
1374131
Tuesday, November 28, 2023 2:32 AM IST
പറവൂർ: മാല്യങ്കര വിശുദ്ധ തോമാശ്ലീഹയുടെ ഭാരത പ്രവേശന തിരുനാളിന്റെ ഭാഗമായി നടന്ന മാല്യങ്കര തീർഥാടനം ഭക്തിസാന്ദ്രമായി. തോമാശ്ലീഹ മാല്യങ്കരയിൽ കപ്പലിറങ്ങിയതിന്റെ സ്മരണകളുമായി ആദിമ ക്രിസ്ത്യാനികൾ നടത്തിയിരുന്ന മാല്യങ്കര തിർഥാടനത്തെ അനുസ്മരിച്ചു കോട്ടപ്പുറം രൂപതയിലെ അഞ്ച് ഫൊറോനകളിൽനിന്ന് ആയിരക്കണക്കിനു വിശ്വാസികൾ തീർഥാടനം നടത്തി.
തൃശൂർ, തുരുത്തിപ്പുറം, കോട്ടപ്പുറം, ഗോതുരുത്ത്, പള്ളിപ്പുറം ഫൊറോനകളിലെ തീർഥാടകർ ഒത്തുചേർന്ന് കാൽനടയായി മാല്യങ്കര ഭാരതപ്രവേശന പള്ളിയിലെത്തി. ചവിട്ടുനാടകം, മാർഗംകളി, വാദ്യമേളങ്ങൾ, മാല്യങ്കരയുടെ ചരിത്രം വിളിച്ചോതുന്ന നിശ്ചല ദൃശ്യങ്ങൾ തുടങ്ങിയവ തീർഥാടനത്തെ വർണാഭമാക്കി.
കോട്ടപ്പം രൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ബിഷപ് ഡോ. അലക്സ് വടക്കുംതല, മോൺ ഡോ. ആന്റണി കുരിശിങ്കൽ, റെക്ടർ ഫാ. അംബ്രോസ് പുത്തൻവീട്ടിൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ തീർഥാടകരെ മാല്യങ്കര പള്ളിയിലേക്കു സ്വീകരിച്ചു.
വിശുദ്ധ തോമാശ്ലീഹയുടെ കാൽപ്പാദം പതിഞ്ഞ സ്ഥലവും 1953ൽ കർദിനാൾ യൂജിൻ ടിസറന്റ് ആശീർവദിച്ചു സ്ഥാപിച്ച സ്മാരക സ്തൂപവും മാർത്തോമാ ചരിത്ര മ്യൂസിയവും സന്ദർശിക്കാൻ സൗകര്യമൊരുക്കിയിരുന്നു.
ലത്തീൻ സമുദായത്തോടുള്ള അവഗണന അവസാനിപ്പിക്കണം: ഡോ. വടക്കുംതല
പറവൂർ: മാല്യങ്കര ലത്തീൻ സമുദായത്തോടുള്ള അവഗണന അവസാനിപ്പിക്കണമെന്നു കോട്ടപ്പുറം രൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ബിഷപ് ഡോ. അലക്സ് വടക്കുംതല. ലത്തീൻ കത്തോലിക്കാ സമിതി (കെആർഎൽസിസി) നടത്തുന്ന ജനജാഗരം പരിപാടിയുടെ കോട്ടപ്പുറം രൂപതാതല ഉദ്ഘാടനം നിർവഹിക്കുകായയിരുന്നു അദ്ദേഹം.
പിന്നോക്ക സമുദായമെന്ന നിലയിൽ ലഭിക്കേണ്ട സംവരണം നൽകുക, ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ടിലെ ശിപാർശകൾ അടിയന്തരമായി നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ജനജാഗരം നടത്തുന്നത്. മോൺ. ആന്റണി കുരിശിങ്കൽ അധ്യക്ഷനായി.
ഷെറി ജെ. തോമസ്, ഫാ. അംബ്രോസ് പൂത്തൻവീട്ടിൽ, ഫാ. നിമേഷ് അഗസ്റ്റിൻ കാട്ടാശേരി, ഫാ. തോമസ് തറയിൽ, അനിൽ കുന്നത്തൂർ, പോൾ ജോസ്, റാണി പ്രദീപ്, ജിസ്മോൻ ഫ്രാൻസിസ് തുടങ്ങിയവർ പ്രസംഗിച്ചു.