പോലീസിന്റെ പ്രത്യേക മാര്‍ഗരേഖ കര്‍ശനമാക്കും: എഡിജിപി
1373781
Monday, November 27, 2023 2:17 AM IST
കൊച്ചി: ആള്‍ക്കൂട്ട പരിപാടികള്‍ക്ക് പോലീസിന്റെ പ്രത്യേക മാര്‍ഗരേഖ കര്‍ശനമാക്കും. കുസാറ്റ് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. പരിപാടികള്‍ക്ക് അനുമതി ലഭിക്കുന്നതിനടക്കം ഇവ പാലിക്കണം.
മാര്‍ഗരേഖ ( സ്പെഷല്‍ ഓപ്പറേറ്റിംഗ് പ്രൊസീജിയര്‍ ) സംസ്ഥാന പോലീസ് മേധാവി വൈകാതെ പുറത്തിറക്കുമെന്ന് ക്രമസമാധാനപാലന ചുമതലയുള്ള എഡിജിപി എം.ആര്. അജിത്ത്കുമാര്‍ വ്യക്തമാക്കി.
അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിച്ചാകും മാര്ഗഖരേഖ. എത്രപേര്‍ പരിപാടിയില്‍ എത്തും, പ്രവേശന വഴി, പുറത്തിറങ്ങാനുള്ള വഴികള്‍ തുടങ്ങിയ നിര്‍ദേശങ്ങളില്‍ ഉണ്ടാകും. സ്കൂളുകളുടെയും കോളജുകളുടെയും ഓഡിറ്റോറിയങ്ങളില്‍ നടത്തുന്ന പരിപാടികള്‍ക്കുള്ള മാര്‍ഗനിര്‍ദേശം വിദ്യഭ്യാസ വകുപ്പും പുറത്തിറക്കും.
കുസാറ്റ് ദുരന്തത്തില്‍ പ്രത്യേകിച്ച് ആരെയും കുറ്റപ്പെടുത്താനാകില്ല. ഓഡിറ്റോറിയത്തിന്റെ ഘടനയും സംഘാടനത്തിലെ പിഴവുമാണ് അപകടത്തിലേക്ക് നയിച്ചത്. അകത്തേക്ക് പ്രവേശിക്കുന്നതിനുള്ള ഗേറ്റിന് സമീപത്തെ പരിശോധന കുറച്ച് മാറിയായിരുന്നെങ്കില്‍ ഈ അപകടം ഒഴിവാക്കാമായിരുന്നു. സംഘാടകര്‍ കുറച്ചുകൂടി ശ്രദ്ധിക്കണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പരിപാടികളുടെ സംഘാടനം മാര്‍ഗരേഖ പുതുക്കുമെന്ന് ന്ത്രി പി. രാജീവ്
കളമശേരി: സര്‍വകലാശാലകളും കോളജുകളും ഉള്‍പ്പെടെ ഭാവിയില്‍ സംഘടിപ്പിക്കുന്ന പരിപാടികളില്‍ അപകടങ്ങള്‍ ഒഴിവാക്കുന്നതിന് നിലവിലുള്ള മാര്‍ഗരേഖ കാലോചിതമായി പുതുക്കുമെന്ന് മന്ത്രി പി. രാജീവ്. കുസാറ്റ് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ചേര്‍ന്ന യോഗത്തെത്തുടര്‍ന്നാണ് തീരുമാനം. ഇത്തരം പരിപാടികളില്‍ എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടായാല്‍ വലിയ ആള്‍ക്കൂട്ടമുള്ള വേദികള്‍ സുരക്ഷിതമായി ഒഴിപ്പിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഷ്കരിക്കും.

പരിപാടികളില്‍ പങ്കെടുക്കുന്നവര്‍ക്ക് ഇതുസംബന്ധിച്ച നിര്‍ദേശങ്ങള്‍ നല്‍കാനും പരിശീലിപ്പിക്കാനും പദ്ധതി തയാറാക്കും. കുസാറ്റ് സംഭവത്തെക്കുറിച്ച് സര്‍വകലാശാല സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ട് ലഭിച്ചശേഷമാകും തുടര്‍നടപടികളെന്നും മന്ത്രി പറഞ്ഞു.
മന്ത്രി ആര്.ബിന്ദു ചീഫ് സെക്രട്ടറി ഡോ. വി. വേണു, ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇഷിതാ റോയ്, കുസാറ്റ് വിസി ഡോ. പി.ജി. ശങ്കരന്, ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ് എന്നിവരും പങ്കെടുത്തു.
ഉന്നതവിദ്യാഭ്യാസ വകുപ്പ് അന്വേഷണം നടത്തും: മന്ത്രി ആർ. ബിന്ദു
കൊച്ചി: കുസാറ്റില്‍ സംഭവിച്ച അപകടത്തില്‍ സംഘാടകര്‍ക്ക് വലിയ ഉത്തരവാദിത്വമുണ്ടെന്ന് മന്ത്രി ആര്. ബിന്ദു. സംഘാടനത്തില്‍ വീഴ്ചയുണ്ടായോ എന്ന് പരിശോധിച്ചുവരികയാണ്. ദുരന്ത നിവാരണ അതോറിറ്റിയുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
സംഭവത്തില്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ് അന്വേഷണം നടത്തും. ഉന്നതവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ക്കും രജിസ്ട്രാര്‍ക്കും ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയിട്ടുണ്ട്. ശാസ്ത്ര സാങ്കേതിക രംഗത്തുള്ളവരാകും സമിതിയില്‍ ഉണ്ടാവുകയെന്നും മന്ത്രി വ്യക്തമാക്കി.