മെട്രോ ജീവനക്കാരുടെ 11 മൊബൈലുകൾ മോഷ്ടിച്ച പ്രതികൾ പിടിയിൽ
1340104
Wednesday, October 4, 2023 5:45 AM IST
ആലുവ: കൊച്ചി മെട്രോ ജീവനക്കാരുടെ വാടക വീട്ടിൽ നിന്ന് 11 മൊബൈൽ ഫോണുകൾ മോഷ്ടിച്ച അതിഥി തൊഴിലാളികളെ വളഞ്ഞിട്ട് പിടിച്ച് ആലുവ പോലീസ്. വെസ്റ്റ്ബംഗാൾ പൊക്കാരിയ സ്വദേശി അലി മുഹമ്മദ് (20), ഗോൽ പൊക്കാർ സ്വദേശി അഖിൽ (22) എന്നിവരെയാണ് പോലീസ് പിടികൂടിയത്.
23 ന് രാത്രി മെട്രോയിലെ സെക്യൂരിറ്റി ജീവനക്കാർ താമസിക്കുന്ന കമ്പനിപ്പടിയിലുള്ള വാടക വീട്ടിൽ നിന്നുമാണ് 11 മൊബൈൽ ഫോണുകൾ മോഷ്ടിച്ചത്. രണ്ട് ഫോണുകൾ എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപം വിറ്റതായി പോലീസ് നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞു. തുടരന്വേഷണം എറണാകുളം കേന്ദ്രീകരിച്ച് നടത്തിയപ്പോഴാണ് ഇതേ കടയിൽ സംഘം വിൽക്കാനെത്തിയതും പോലീസ് വളഞ്ഞ് പിടിച്ചതും.
മൊബൈൽ വിറ്റ് കിട്ടുന്ന പണവുമായി രാത്രി തന്നെ നാട്ടിലേക്ക് പോകാനുള്ള തയാറെടുപ്പിലായിരുന്നു പ്രതികൾ. പിടികൂടുമ്പോൾ രാത്രി പുറപ്പെടാനുള്ള ട്രെയിൻ ടിക്കറ്റും ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. ആളുകൾ കൂട്ടത്തോടെ താമസിക്കുന്ന സ്ഥലം പകൽ സമയം കണ്ടുവച്ച് രാത്രി ഇവരുടെ മൊബൈലും മറ്റും ഒരുമിച്ച് മോഷ്ടിക്കുകയാണ് രീതി. പ്രധാനമായും അതിഥി ത്തൊഴിലാളികൾ താമസിക്കുന്ന ഇടങ്ങളിലാണ് മോഷണം നടത്തിയിരുന്നത്.
ഒരു സ്ഥലത്ത് സ്ഥിരമായി താമസിക്കുന്ന സ്വഭാവം ഇവർക്കില്ല. പ്രതികൾ മോഷ്ടിച്ചു കിട്ടുന്ന പണം ആഡംബര ജീവിതത്തിനാണ് ഉപയോഗിക്കുന്നത്. എറണാകുളത്തും സമാന സ്വഭാവത്തിലുള്ള മോഷണത്തിന് ഇവർക്കെതിരെ കേസുണ്ട്.