മൂവാറ്റുപുഴ: വൈവിധ്യങ്ങളുടെ വിപുല പുരാവസ്തു ശേഖരവുമായി പെരിങ്ങഴ സ്വദേശി.
മൂവായിരം വർഷം പഴക്കമുള്ള ഗ്രീക്ക് റോമൻ നാണയങ്ങൾ മുതൽ ബൈസന്തേൻ, ഓട്ടോമൻ, ഇസ്ലാമിക് തുടങ്ങി ഇന്ത്യയുടെ പുരാതന നാണയങ്ങൾ വരെ ശേഖരിച്ച് കരുതലോടെ സൂക്ഷിക്കുകയാണ് പെരിങ്ങഴ ഇടമറ്റത്ത് ജിനോ ജോണ്.
ചോള, ഡൽഹി സുൽത്താനേറ്റ്, ഗുജറാത്ത്, തിരുവിതാംകൂർ മുതലായ എല്ലാ നാട്ടുരാജ്യങ്ങളിലെയും, ബ്രിട്ടീഷ് ഇന്ത്യ കന്പനിയുടെയും നാണയങ്ങൾ ജിനോയുടെ പുരാവസ്തു ശേഖരത്തിലുണ്ട്. വിവിധ രാജ്യങ്ങളിലെ 15,000 ത്തോളം നാണയങ്ങളോടൊപ്പം കേന്ദ്ര സർക്കാരിറക്കിയ 400, 150, 100 രൂപാ നാണയങ്ങളും ഓട്ടക്കാലണകളുടെ വൻ ശേഖരവും ജിനോയെ മേഖലയിലെ മറ്റുള്ളവരിൽനിന്ന് വ്യത്യസ്തനാക്കുന്നു.
60 കിലോയോളം നാണയങ്ങളാണ് ജിനോയുടെ കൈവശമുള്ളത്. കൂടാതെ വിദേശങ്ങളിലെ ഉൾപ്പെടെ പഴയതും പുതിയതുമായ കറൻസി ശേഖരവുമുണ്ട്. നാണയങ്ങൾ കൂടാതെ പുരാതനകാലത്തിന്റെ നേർക്കാഴ്ചകളും ജിനോയുടെ ശേഖരത്തിലുണ്ട്.
ഉപ്പുമാങ്ങ ഭരണി, വാളുകൾ, പറങ്കിപ്പൂട്ടുകൾ, കുന്തം, വിലങ്ങുകൾ, മലപ്പുറംകത്തി, എഴുത്താണി, വെള്ളിക്കോലുകൾ, വിദേശനിർമ്മിത റാന്തൽ വിളക്കുകൾ, വെറ്റിലചെല്ലം, ഭീമൻ താക്കോലുകൾ, വോട്ടുപെട്ടികൾ, ഫിലിം കാമറകൾ, പാതാളക്കരണ്ടി, ബ്രിട്ടീഷ് ഭരണകാലത്തെ മുദ്രപത്രങ്ങൾ, എഴുത്തുകളും പോസ്റ്റ് കാർഡുകളും, രാജമുദ്രയുള്ള താളിയോല മുദ്രപത്രങ്ങൾ, വിവിധ സംസ്ഥാനങ്ങളിലെ ആഭരണപ്പെട്ടികൾ, ഘടികാരങ്ങൾ, ഗ്രാമഫോണ് റെക്കോഡുകൾ, മരത്തിൽ തീർത്ത പറകൾ, കല്ലുവിളക്കുകൾ, കാളക്കൊന്പ് മണികൾ, കണ്മഷിച്ചെല്ലം, ത്രാസുകൾ മുതലായവയെല്ലാം വളരെയേറെ ഭംഗിയായി സൂക്ഷിച്ചിരിക്കുകയാണിവിടെ.
കുട്ടിക്കാലത്ത് നാണയ ശേഖരത്തോടുള്ള ഭ്രമം വളർന്നാണ് പുരാവസ്തു ശേഖരണത്തിലേക്ക് മാറിയതെന്ന് ജിനോ പറയുന്നു. മൂവാറ്റുപുഴയിൽ കംപ്യൂട്ടർ സ്ഥാപനം നടത്തുന്ന ജിനോയ്ക്ക് പിന്തുണ നൽകുന്നത് ഭാര്യ ബിനിതയാണ്. ഐസക്, ഡൊമിനിക് എന്നിവരാണ് മക്കൾ.